പോല്‍ ആപ്പ്: കേരള പോലീസ് എന്ന കീ വേഡ് ഉപയോഗിക്കണം

post

തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരിച്ച പുതിയ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. പോല്‍ ആപ്പ് എന്ന് പേരുള്ള ഈ ആപ്ലിക്കേഷന്‍ ലഭിക്കുന്നതിന് പ്ലേ സ്റ്റോറില്‍ കേരള പോലീസ് എന്ന കീ വേഡ് ഉപയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 
സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്‌പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത 3 മൊബൈല്‍ നമ്പറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയും. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്പറുകളിലേയ്ക്കു എസ്ഒഎസ് കാള്‍ ചെയ്യാനും സാധിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും വനിതകള്‍ക്ക് ഈ ആപ്പ് മുഖേന സാധിക്കും.