എജ്യു ഹെല്‍പ്പ്: ഓണ്‍ലൈന്‍ പഠന സഹായവുമായി എന്‍.എസ്.എസ്

post

കാസര്‍കോട്: കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്ന എജ്യു ഹെല്‍പ്പ് പദ്ധതിക്ക്  ജില്ലയില്‍ തുടക്കമായി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം  ജി എച്ച് എസ് എസ്  ബല്ല ഈസ്റ്റില്‍  ഹയര്‍സെക്കന്ററി കണ്ണൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി. എന്‍ .ശിവന്‍ ടെലിവിഷന്‍ കൈമാറി നിര്‍വ്വഹിച്ചു. സ്‌കൂളിലെ അധ്യാപകരുടെയും പി.ടി.എ യുടെയും സഹകരണത്തോടെ രണ്ട് ടെലിവിഷനുകളാണ് നല്‍കുന്നത്. പി.ടി. എ പ്രസിഡണ്ട് അഡ്വ. എം.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.  എന്‍ എസ് എസ് ജില്ല കണ്‍വീനര്‍ വി. ഹരിദാസ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പാള്‍ പി.എം ബാബു, പി. എ.സി മാരായ സി. പ്രവീണ്‍കുമാര്‍, കെ.വി.രതീഷ്, പ്രോഗ്രാം ഓഫീസര്‍ സുധാകരന്‍ നടയില്‍ എന്നിവര്‍ സംസാരിച്ചു.