നിപ; 345 പേർ സമ്പർക്കപ്പട്ടികയിൽ

post

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് വിദഗ്ധർ

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളിൽ പാലക്കാട് ചികിത്സയിലുള്ളയാൾ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്‌സിംഗ് ശക്തമാക്കാൻ നിർദേശം നൽകി. സമ്പർക്കപ്പട്ടികയിൽ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെ ആശുപത്രികളിൽ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടൻ തന്നെ പുറത്തിറക്കണം.

കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേർക്കും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളിൽ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങൾ ശേഖരിക്കും. ഇവിടങ്ങളിൽ നിശ്ചിത കാലയളവിൽ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

സ്റ്റേറ്റ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികൾ വീതം 3 ജില്ലകളിൽ രൂപീകരിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ കൂടി സഹായത്തോടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. രണ്ട് ജില്ലകളിൽ കണ്ടൈൻമെന്റ് സോണുകൾ കളക്ടർമാർ പ്രഖ്യാപിച്ചു. കണ്ടൈൻമെന്റ് സോണുകളിൽ മാസ്‌ക് നിർബന്ധമാണ്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.