കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രി കോവിഡ് ആശുപത്രി
തൃശൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. രണ്ടുമൂന്നു ദിവസത്തിനകം കോവിഡ് ആശുപത്രി പ്രവര്‍ത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയര്മാന് കെ ആര് ജൈത്രന്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വാര്‍ഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത്. 70 പേരെ ഒരേസമയം ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി കോട്ടപ്പുറം മെഡികെയര്‍ ആശുപത്രിയിലേക്ക് മാറ്റും. ഗൈനക്കോളജി, ഐ പി, കിടത്തി ചികിത്സ, പ്രസവ വിഭാഗം എന്നിവ മെഡികെയറിലായിരുക്കും പ്രവര്‍ത്തിക്കുക. ജനറല്‍ ഒ പി, ഡയാലിസിസ് എന്നിവ താലൂക്കാശുപത്രിയില്‍ തുടരും. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശന കവാടവും കോവിഡ് സെന്ററിലേക്കുള്ള പ്രവേശന കവാടവും പടിഞ്ഞാറ് ഭാഗത്ത് കൂടെയാക്കും. ഈ ഭാഗത്തേക്കുള്ള പ്രവേശനം അടച്ചുകെട്ടും.