കോവിഡ് 19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങളായി

post

തിരുവനന്തപുരം : കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട് സർക്കാർ പരിഷ്കരിച്ച  മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളും സർക്കുലറുകളും പരിഷ്കരിച്ചാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

പുതുക്കിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് ഹോട്ട്സ്പോട്ടുകളും  കണ്ടൈൻമെൻറ് സോണുകളും  ഒഴികെയുള്ള പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾ,  പൊതുമേഖലാ സ്ഥാപനങ്ങൾ,  അർദ്ധസർക്കാർ സ്ഥാപനങ്ങൾ,  സഹകരണ സ്ഥാപനങ്ങൾ എന്നിവ പൂർണമായും തുറന്നു പ്രവർത്തിക്കും. 

പൊതുഗതാഗത സൗകര്യം  ലഭ്യമല്ലാത്തതിനാൽ സ്വന്തം ഓഫിസുകളിൽ ഹാജരാകാൻ സാധിക്കാതിരുന്ന ജീവനക്കാർ നിലവിൽ റിപ്പോർട്ട് ചെയ്തിരുന്നിടത്തു നിന്നും വിടുതൽ വാങ്ങി ഡ്യൂട്ടി സർട്ടിഫിക്കറ്റ് സഹിതം  അവരവരുടെ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യണം. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ,  ഏഴുമാസം പൂർത്തിയായ ഗർഭിണികൾ തുടങ്ങിയ ജീവനക്കാരെ  ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും.  ഇവർക്ക് വർക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ മേലധികാരികൾ ഏർപ്പെടുത്തണം.  

വർക്ക് ഫ്രം ഹോം നയം പരമാവധി പ്രോത്സാഹിപ്പിക്കണം.  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസങ്ങൾ പ്രവർത്തി ദിനങ്ങൾ ആയിരിക്കില്ല.  കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജീവനക്കാർ പ്രത്യേക പരിഗണന നൽകേണ്ടതും ഓഫീസ് മേലധികാരികൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്. 

ഹോട്ട്സ്പോട്ട്, കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ താമസിക്കുന്നതും  ഈ മേഖലക്ക് പുറത്തുള്ള ഓഫീസുകളിൽ ജോലി  ചെയ്യുന്നതുമായ ജീവനക്കാർ സ്വന്തം ഓഫീസിൽ ഹാജരാകേണ്ടതില്ല.

കോവിഡ് -19 രോഗം സ്ഥിരീകരിക്കപ്പെട്ട ജീവനക്കാർക്ക് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിൽ ഈ കാലയളവിൽ മേലധികാരികൾ സ്പെഷ്യൽ  കാഷ്വൽ ലീവ് അനുവദിക്കണം. ബ്രേക്ക്‌ ദി  ചെയിൻ പരിപാടിയുടെ നടപടിക്രമങ്ങൾ ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഓഫീസ് മേലധികാരികൾ ഉറപ്പുവരുത്തണം.

കൂടുതൽ വിവരങ്ങൾക്ക് - സർക്കാർ ഉത്തരവ് സ.ഉ.(കൈ ). നം. 112/2020/പൊഭ. വ