ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംയോജിത കൊതുക് നിയന്ത്രണ പരിപാടി

post

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 മുതല്‍ 12 വരെ സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊതുക് നശീകരണത്തിന് ഉറവിട നശീകരണം, രാസ-ജൈവ മാര്‍ഗങ്ങളിലൂടെ ലാര്‍വകളെ നശിപ്പിക്കല്‍, സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ ഒരേ സമയം ചെയ്ത് കൊതുകുകളുടെ സന്ദ്രത കുറയ്ക്കുന്നതിനായാണ് സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ 50 വീടിന് രണ്ട് വോളണ്ടിയര്‍മാരെ തെരഞ്ഞടുക്കുകയും ജൂണ്‍ 8, 9 തീയതികളില്‍ ഭവന സന്ദര്‍ശനം നടത്തി വീടിനകവും പുറവും പരിശോധിച്ച് കൊതുക് മുട്ടയിട്ട് വളരുന്നുണ്ടെങ്കില്‍ കണ്ടെത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വീട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളം കെട്ടിനില്‍ക്കാനിടയുള്ള പാത്രങ്ങള്‍ ചിരട്ടകള്‍ കപ്പുകള്‍, പ്ലാസ്റ്റിക് കവറുകള്‍ ടയറുകള്‍ ഇവ കണ്ടെത്തി വേര്‍തിരിച്ച് ഹരിതകര്‍മസേനയുടെ സഹായത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യും. വാട്ടര്‍ ടാങ്കുകള്‍ കൊതുക് കടക്കാത്ത വിധം മൂടുകുകയും കിണര്‍, വെന്റ് പൈപ്പുകള്‍ ഇവ വല കൊണ്ട് മൂടുകയും വേണം. ഒഴുക്കിക്കളയാനോ മറിച്ച് കളയാനോ പറ്റാത്ത വെള്ളക്കെട്ടുകളില്‍ ലാര്‍വിസൈഡുകള്‍ ഒഴിക്കുകയോ ലാര്‍വകളെ തിന്നുന്ന ഗപ്പിമീനുകളെ നിക്ഷേപിക്കുകയോ വേണം.

ഇതോടൊപ്പം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ വീടുകളില്‍ മുറിക്കുള്ളില്‍ കൊതുകുകളെ നശിപ്പിക്കാനായി സ്‌പ്രേയിംഗ്, ഫോഗിംഗ് ഇവ നടത്തും. ഗൃഹസന്ദര്‍ശന വേളയില്‍ കൊതുകിന്റെ ഉറവിടങ്ങള്‍, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍, ഡ്രൈഡേ ഇവയെക്കുറിച്ച് ബോധവത്കരണം നല്‍കും. ജൂണ്‍ 10ന് തോട്ടങ്ങളിലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളിലും ഉടമസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും 11ന് പൊതുസ്ഥലങ്ങള്‍, ആള്‍പാര്‍പ്പില്ലാത്ത ഇടങ്ങള്‍, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും 12ന് സ്‌കൂളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തും.

ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നിന്നാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടക്കുമ്പോള്‍ കോവിസ് 19 പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുവാനും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ആരോഗ്യ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരും ശ്രദ്ധിയ്‌ക്കേണ്ടതാണ്.