കോവിഡ് -19; സാമൂഹ വ്യാപനത്തിനെതിരെ മുന്‍കരുതല്‍ ശക്തമാക്കും

post

കോട്ടയം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ്-19ന്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ ശക്തമാക്കാന്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കോട്ടയം ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ - പൊതു വിതരണ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

പുറത്തുനിന്നെത്തുന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ആരോഗ്യ വകുപ്പിന്റെ ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി താഴേത്തട്ടിലുള്ള ജാഗ്രതാ സംവിധാനം പരമാവധി ഊര്‍ജ്ജിതമാക്കണം. രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും  പങ്കാളിത്തം പരമാവധി ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

രോഗം സ്ഥിരീകരിക്കുന്നവരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും നാട്ടില്‍ ഭീതി പരത്തുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കാന്‍ ശക്തമായ പ്രാദേശിക ഇടപെടല്‍ വേണം. ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും കരുതലുണ്ടാകണം. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി കൈകളുടെ ശുചീകരണം, മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ പാലിച്ചു മുന്നോട്ടു പോകുന്നതിന് സമൂഹത്തിന് പ്രചോദനമേകാന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് സാധിക്കണം.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിനും ജനറല്‍ ആശുപത്രിക്കും പുറമെ താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും രോഗികളെ പ്രവേശിപ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.  കളക്ടറേറ്റിലെ കൊറോണ ഹെല്‍പ്പ് ഡസ്‌കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. 

മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് പോലീസിന്റെ സഹകരണത്തോടെ നടപടി സ്വീകരിക്കും. സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ പഠനസംവിധാനം പ്രയോജനപ്പെടുത്തുന്നതിന് മതിയായ സൗകര്യങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഉണ്ടെന്ന് ഉറപ്പാക്കും.

എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ അനുകൂല്യം ഇനിയും ലഭിക്കാത്തവരുണ്ടെങ്കില്‍ അവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം. അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.എന്‍. വാസവന്‍, സി.കെ. ശശിധരന്‍, ജോഷി ഫിലിപ്പ്, കാണക്കാരി അരവിന്ദാക്ഷന്‍, കുര്യന്‍ പി. കുര്യന്‍, ജോസഫ് ചാമക്കാല, അസീസ് ബഡായില്‍, എം. ടി. കുര്യന്‍, ബാബു കപ്പക്കാല, പി. ജി. സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.