വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പെടുത്തി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നന്ദി

post

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാക്കിയ കേബിള്‍, ഡി.റ്റി.എച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനല്‍ നേരത്തെതന്നെ ഏഷ്യാനെറ്റ് ഡിജിറ്റല്‍, കേരള വിഷന്‍, ഡെന്‍ നെറ്റ്വര്‍ക്ക്, ഡിജി മീഡിയ, സിറ്റി ചാനല്‍ തുടങ്ങിയ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാക്കിയത് കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലേക്കുമെത്താനായി കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഡിടിഎച്ച് ശൃംഖലയിലും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവശേഷി വകുപ്പിനും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും കത്തയച്ചിരുന്നു. അനുകൂല പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍, തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും വരിക്കാരുമെല്ലാം ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോള്‍ ഡിടിഎച്ച് ശൃംഖലകളില്‍ കൈറ്റ് വിക്ടേഴ്സ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ കേരളത്തോടൊപ്പം നിന്ന ഡിഷ് ടിവി, ഡി2എച്ച്, സണ്‍ ഡയറക്ട്, ടാറ്റാ സ്‌കൈ, എയര്‍ടെല്‍ എന്നീ ഡിടിഎച്ച് സേവന ദാതാക്കളോടും സര്‍ക്കാരിന്റെ നന്ദി മുഖ്യമന്ത്രി അറിയിച്ചു.

കേരള വിഷന്‍ ഡിജിറ്റല്‍ ടിവിയില്‍ രണ്ട് ചാനലുകളിലായി വിക്ടേഴ്സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നോക്കാവസ്ഥയുള്ള കേബിള്‍ ടിവി കണക്ഷനില്ലാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് സൗജന്യ കേബിള്‍ കണക്ഷന്‍ നല്‍കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചതില്‍ നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്കായി വിവിധ സംഘടനകളും സ്ഥാപനങ്ങളും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ പരിധിയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി സഹകരണ വകുപ്പ് ഉത്തരവായിട്ടുണ്ട്. കെഎസ്ടിഎ ആദ്യഘട്ടത്തില്‍ 2500 ടെലിവിഷനുകളും കേരള എന്‍ജിഒ യൂണിയന്‍ 50 ലക്ഷം രൂപയുടെ ടെലിവിഷനുകളുമാണ് വാങ്ങി നല്‍കുന്നത്.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് 50 ലക്ഷം രൂപ ടെലിവിഷന്‍ വാങ്ങുന്നതിനായി അനുവദിച്ചു. കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷനും അപ്പോളോ ടയേഴ്സ് ലിമിറ്റഡും 100 വീതം ടെലിവിഷനുകള്‍ വാങ്ങിനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 2000 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.