ഓണ്‍ലൈന്‍ ക്ലാസുകള്‍; വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് തൊട്ടടുത്ത സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

post

മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍,  ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്ക് തൊട്ടടുത്ത എല്‍.പി. സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡി.ഡി.ഇ. കെ. എസ്. കുസുമം അറിയിച്ചു. സ്‌കൂളുകള്‍ക്ക് പുറമെ പ്രാദേശിക ലൈബ്രററികളിലും ആവശ്യമെങ്കില്‍ സൗകര്യമൊരുക്കാനാണ് തീരുമാനം. സ്‌കൂളുകളിലുള്ള ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ സഹായത്തോടെയാകും വിദ്യാര്‍ഥികള്‍ക്ക് പഠനം സാധ്യമാക്കുക. 

വീടുകളില്‍ സൗകര്യമില്ലാത്തവരെ കണ്ടെത്തുന്നതിനും സൗകര്യമൊരുക്കി നല്‍കുന്നതിനുമായി അധ്യാപകരുടെയും അതത് തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പ്രവര്‍ത്തങ്ങള്‍ ഏകോപ്പിക്കുന്നത്. സൗകര്യങ്ങള്‍ ലഭ്യമല്ല എന്നത് സംബന്ധിച്ച വിവരം അതത് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ തൊട്ടടുത്ത എല്‍.പി. സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുന്ന മുറയ്ക്കാണ് സൗകര്യം ലഭ്യമാക്കുക. എന്നാല്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികള്‍ വീടുകളില്‍ സൗകര്യമില്ലെന്ന കാരണത്താല്‍ സ്‌കൂളുകളിലെത്താന്‍ പാടുള്ളതല്ല. ഇവര്‍ക്ക് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ലാപ് ടോപ്പിന്റെ സഹായത്തോടെ ക്ലാസുകള്‍ കാണിക്കാനാണ് തീരുമാനം.

വിക്ടേഴ്‌സ് ചാനലിലൂടെ ലഭ്യമാക്കുന്ന ക്ലാസുകള്‍ പിന്നീട് യൂട്യൂബ് ചാനലിലും, ഫെയ്‌സ്ബുക്കിലും ലഭ്യമാകുമെന്നതിനാല്‍ ക്ലാസുകള്‍ നഷ്ടമാകുന്ന സാഹചര്യവും നിലവിലില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അതത് സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രധാനാധ്യാപകരില്‍ നിന്നും ഇന്ന് ശേഖരിക്കുമെന്ന് ഡി.ഡി.ഇ. പറഞ്ഞു. കൂടാതെ ഇതുവരെയുള്ള ക്ലാസുകള്‍ സംബന്ധിച്ചും പ്രധാനാധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്നാകും വരും ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുക.

ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ victers.kite.kerala.gov.in എന്ന വെബ് സൈറ്റ് വഴിയോ, ഫെയ്‌സ് ബുക്കില്‍ victerseduchannel മുഖേനയോ, യൂട്യൂബില്‍ itsvicters എന്ന ചാനലിലൂടെയോ ലഭിക്കും. വിക്ടേഴ്‌സ് ചാനല്‍ ലഭിക്കുന്ന വിവിധ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പേരും ചാനല്‍ നമ്പരുമാണ് ചുവടെ നല്‍കിയിരിക്കുന്നത്- 

ഏഷ്യാനെറ്റ് കേബിള്‍ - 39, യെസ് ഡിജിറ്റല്‍ - 29, ഏഷ്യാനെറ്റ് ഡിജിറ്റല്‍ - 411, വീഡിയോകോണ്‍ ഡി.ടു.എച്ച്. - 642, കേരള വിഷന്‍ - 42, ഡിഷ് ടിവി - 642, ഡെന്‍ നെറ്റ്‌വര്‍ക്ക് - 639, ഡിജി മീഡിയ - 149, സഹ്യ - 51, സിറ്റി ചാനല്‍ - 116, സണ്‍ ഡയറക്ട് - 240.

നിലമ്പൂരിലെ കുട്ടികളും ഓണ്‍ലൈനിലാണ്; ആദിവാസി വിദ്യാര്‍ഥികള്‍ക്കായി ഒരുങ്ങിയത് സാമൂഹിക പഠനമുറികള്‍

സര്‍ക്കാരിന്റെ ഫസ്റ്റ് ബെല്‍ കേട്ടുകൊണ്ട് നിലമ്പൂരിലെ ആദിവാസി കോളനികളിലെ കുട്ടികളും ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി. നിലമ്പൂര്‍ ഐ.ടി.ഡി.പി. പ്രത്യേകം ഒരുക്കിയ സാമൂഹിക പഠന മുറികളിലൂടെയാണ് അവര്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചത്. ഏഴ് പട്ടിക വര്‍ഗ കോളനികളിലെ സാമൂഹിക പഠനമുറികളിലാണ് ഐ.ടി.ഡി.പി.യുടെ നേതൃത്വത്തില്‍ ടിവിയും കേബിള്‍ കണക്ഷനും സജ്ജമാക്കിയിരിക്കുന്നത്. ചോക്കാട് 40 സെന്റ് കോളനി, അമരമ്പലം പാട്ടക്കരിമ്പ് കോളനി, കരുളായി നെടുങ്കയം കോളനി, ചാലിയാര്‍ പെരുവമ്പാടം കോളനി, ചുങ്കത്തറ പള്ളിക്കുത്ത് കോളനി, എടക്കര മലച്ചി കോളനി, പോത്തുകല്ല് അപ്പന്‍കാപ്പ് കോളനി എന്നിവിടങ്ങളിലായി പണിയ കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ 300ഓളം കുട്ടികളാണ് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈനിലൂടെ പഠനം തുടങ്ങിയിരിക്കുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. നിലമ്പൂര്‍ മേഖലയിലെ എല്ലാ കോളനികളിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള നടപടികള്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.