ഡാം പരിപാലനത്തിന് അന്തര്‍ജില്ലാ കോ ഓര്‍ഡിനേഷന്‍ സമിതിക്ക് ധാരണ

post

വയനാട്: പ്രളയ കാലത്ത് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന അടിയന്തര സ്ഥിതിഗതികള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വയനാട്‌മൈസൂരു അന്തര്‍ ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായതായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.  പ്രളയ കാലത്ത് ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത് തടയുന്നതിനായി മൈസൂരു ജില്ലാ കളക്ടറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വര്‍ഷ കാലത്തെ ഡാം പരിപാലനത്തില്‍ ഇരു ജില്ലകളിലെയും അധികാരികളുടെ പരസ്പര സഹകരണമുണ്ടാക്കാന്‍ തീരുമാനിച്ചത്.

വര്‍ഷ കാലത്ത് കാരാപ്പുഴ, ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ബീച്ചനഹള്ളി ഡാമിലെ ജല വിതാനം ക്രമപ്പെടുത്തുന്നതിനായാണ് മൈസുരു ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്തത്. 

ഇരു ജില്ലകളിലെയും ഡാം പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്നതായിരിക്കും പുതുതായി രൂപീകരിക്കുന്ന സമിതി.  പ്രളയകാലത്തെ ഡാമുകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും ഡാമുകളിലെ ജലവിതാനം ക്രമപ്പെടുത്തുന്നതില്‍ തീരുമാനമുണ്ടാകുക.