വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ്

post

 ടോം ജോസിനെപ്പോലെ ഇത്രയധികം വെല്ലുവിളികള്‍ നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയില്ല -മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവര്‍ത്തിക്കാന്‍ ഇടവന്നിട്ടുണ്ടാകില്ല. അര്‍പ്പണബോധം, കാര്യക്ഷമത, ആത്മാര്‍ഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാന്‍ ടോംജോസിന് തുണയായത്.

അത്യന്തം ബുദ്ധിമുട്ടുണ്ടാകുന്ന ഘട്ടങ്ങളില്‍ നേരിടാനുള്ള തന്ത്രങ്ങളും പദ്ധതികളും നമുക്ക് രൂപപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. അതിന്റെ നിര്‍വഹണം എത്രമാത്രം ക്ലേശകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതേറ്റെടുത്ത് വിജയിപ്പിക്കാനായി എന്നതാണ് ടീം ലീഡര്‍ എന്നനിലയ്ക്ക് ടോം ജോസിന്റെ വലിയ വിജയം. ഇത്തരത്തില്‍ അര്‍ഥപൂര്‍ണമായ ഇടപെടലിന് ഉദ്യോഗസ്ഥ പ്രമുഖനായി ഒതുങ്ങിനില്‍ക്കാതെ ബ്യൂറോക്രസിയെ ജനസേവന ഉപാധിയാക്കി മാറ്റി സമര്‍പ്പിത മനസ്സോടെ ജനസേവകനാകാനുള്ള സന്നദ്ധതയിലേക്ക് ഉയരാനാകണം. സിവില്‍ സര്‍വീസിന്റെ വരേണ്യസംസ്‌കാരത്തില്‍ പതിറ്റാണ്ടുകളായി കഴിയുന്നവര്‍ക്ക് അപൂര്‍വമായി മാത്രമേ ഇത്തരത്തില്‍ മാറാനാകൂ. അതില്‍ ടോം ജോസിന്റെ നേതൃത്വത്തിലുള്ള ടീമിന് വിജയിക്കാനായത് അഭിനന്ദനാര്‍ഹമാണ്. സ്വന്തം നാടും ജനങ്ങളും വിഷമത്തിലാകുമ്പോള്‍ അത് തന്റെ കൂടി വിഷമമാണെന്ന് കരുതാനുള്ള മനസ്സന്നദ്ധതയുള്ളതിനാലാണ് അദ്ദേഹത്തിനത് സാധിച്ചത്.

വെള്ളപ്പൊക്കക്കെടുതി, ശബരിമല വിധിയെത്തുടര്‍ന്നുണ്ടായ സമരം, നിപ രോഗം, പ്രളയവും കാലവര്‍ഷക്കെടുതിയും ഇപ്പോള്‍ കോവിഡ് മഹാമാരി തുടങ്ങിയവയ്‌ക്കെല്ലാം മാറി വരുന്ന തന്ത്രങ്ങളും നിലപാടുകളും അപ്പപ്പോഴുള്ള സ്ഥിതി മനസിലാക്കി അതിന്റെ സൂക്ഷ്മാംശത്തില്‍ നടപ്പാക്കിയെടുക്കുക എന്നത് ഒരു ചീഫ് സെക്രട്ടറിയുടെ ചുമതലയാണ്.

ഭരണനേതൃത്വത്തിന്റെ മനസറിഞ്ഞ് കാര്യങ്ങള്‍ നടപ്പാക്കുക എന്നത് ജനാധിപത്യത്തില്‍ പ്രധാനമാണ്. ആ തലത്തിലേക്ക് ഉയര്‍ന്നാലേ കാര്യങ്ങള്‍ അനായാസമായി മുന്നോട്ടുപോകൂ. അത് എങ്ങനെയെന്നത് സിവില്‍ സര്‍വീസിലുള്ളവര്‍ക്ക് ടോം ജോസില്‍നിന്ന് മാതൃകയാക്കാവുന്നതാണ്. ഭരണാസൂത്രണ നേതൃത്വവും ഭരണനിര്‍വഹണനേതൃത്വവും ഒറ്റമനസായി നിന്നാല്‍ കേരളം പോലൊരു സംസ്ഥാനത്തിന് ഒന്നും അസാധ്യമല്ല എന്നതും പാഠമാണ്.

വലിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും അത് നേരിടാന്‍ കെല്‍പ്പുള്ളവരെയാണ് തേടിയെത്തുക എന്ന സങ്കല്‍പ്പമുണ്ട്. നേരത്തെ പറഞ്ഞതിന് പുറമേ, മുമ്പും അദ്ദേഹത്തിന്റെ സര്‍വീസ് ജീവിതത്തില്‍ ഇത്തരം ഇടപെടലുകള്‍ വേണ്ടിവന്നിട്ടുണ്ട്. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍, പാര്‍ലമെന്റ് മന്ദിരത്തിലെ ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ അദ്ദേഹത്തിന് പ്രധാനപങ്ക് വഹിക്കാനായിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടാനുള്ള അദ്ദേഹത്തിന്റെ നേതൃപാടവത്തില്‍ കേരളത്തിന്റെ നന്ദിപൂര്‍വമായ പരാമര്‍ശം അര്‍ഹിക്കുന്നു.  പഠിച്ചതൊക്കെ പ്രയോഗിക്കാനും ദേശീയതല ഉദ്യോഗസ്ഥ ബന്ധങ്ങള്‍ കേരളത്തിന് വേണ്ടി ഉപയോഗപ്പെടുത്താനും അദ്ദേഹം സന്നദ്ധനായിരുന്നു.

കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്നനിലയില്‍ പരിമിതപ്പെടുത്തി കാണേണ്ട വ്യക്തിത്വമല്ല ടോം ജോസിന്റേത്. ടോം ജോസിന്റെ സേവന മേഖല സാര്‍വദേശീയതലം വരെ പടര്‍ന്നുകിടക്കുന്നതാണ്. മോസ്‌കോയില്‍ ഇന്ത്യാ-റഷ്യ ബന്ധത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ഒരു നിര്‍ണായക ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത് അദ്ദേഹത്തെയാണ്. മധ്യേഷ്യയിലെ സൈനികബന്ധങ്ങള്‍, സബ്മറൈനുകള്‍ മുതല്‍ എയര്‍ക്രാഫ്റ്റുകള്‍ വരെയുള്ളവയുടെ സംഭരണം തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചുമതലയില്‍ ആയിരുന്നു ഒരുഘട്ടത്തില്‍. നയതന്ത്ര സ്വഭാവമുള്ള ഒട്ടേറെ കാര്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായി.

സര്‍ക്കാര്‍ നയങ്ങള്‍ അതേ അര്‍ഥത്തില്‍ പ്രവര്‍ത്തനപഥത്തില്‍ എത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കൊച്ചി മെട്രോയുടെ എം.ഡിയായപ്പോള്‍ അതിന്റെ കേന്ദ്രാനുമതികള്‍ നേടിയെടുക്കാന്‍ പ്രത്യേക താത്പര്യമെടുത്തു. ഇപ്പോള്‍ പല പ്രവര്‍ത്തനങ്ങളും പറയാനുണ്ടെങ്കിലും വേസ്റ്റ് ടു എനര്‍ജി പ്രോഗ്രാമിന് പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതിന് അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രത്യേകതയായി. പരിസ്ഥിതി, മാലിന്യസംസ്‌കരണം എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമാണ്.

സിവില്‍ സര്‍വീസിലേക്ക് വരുന്ന പുതുതലമുറയ്ക്ക് പഠിക്കാനുള്ള ഒരുപാട് പാഠങ്ങള്‍ ഈ ചീഫ് സെക്രട്ടറിയുടെ സര്‍വീസിലുണ്ട്. ജനാധിപത്യത്തില്‍ ഉദ്യോഗസ്ഥ പ്രമുഖരുടെ സ്ഥാനം എവിടെയാണ് എന്നതുമുതല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് എങ്ങനെയാണ് തുടങ്ങിയതുവരെയുള്ള കാര്യങ്ങളില്‍ ഇദ്ദേഹത്തിന്റെ സര്‍വീസ് ജീവിതത്തില്‍നിന്ന് പഠിക്കാം. തങ്ങള്‍ ഒരു പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ് തങ്ങള്‍ക്ക് തടസ്സമെന്നും കരുതുന്ന ചിലരെങ്കിലും സിവില്‍ സര്‍വീസിലുണ്ട് എന്നത് നമ്മുടെ അനുഭവമാണ്. ജനാധിപത്യം ചോര്‍ത്തിക്കളഞ്ഞുള്ള ഉദ്യോഗസ്ഥ ഭരണമല്ല ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ച ടോം ജോസിനെപ്പോലെയുള്ളവരില്‍നിന്ന് ഒരുപാട് പാഠങ്ങള്‍ സര്‍വീസിലുള്ളവര്‍ക്ക് പകര്‍ത്തിയെടുക്കാനുണ്ട്.

എങ്ങനെ നിലവിലുള്ള വ്യവസ്ഥിതിക്കുള്ളില്‍നിന്ന് ക്രമരഹിതമല്ലാതെ നല്ലകാര്യങ്ങള്‍ നടപ്പാക്കാം എന്ന് മനസിലാക്കാനും പുതുതലമുറയ്ക്ക് ഇദ്ദേഹത്തിന്റെ സര്‍വീസ് ജീവിതം പ്രയോജനപ്പെടും. എല്ലാഘട്ടത്തിലും ടീമിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രമിച്ചു. വിരമിച്ചാലും വിശാലമായ പൊതു, സാമൂഹ്യ ജീവിതത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ആവശ്യമുള്ള ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളും സേവനങ്ങളും നമുക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാസുരമായ ഭാവിജീവിതം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സള്‍ക്കാരിനുവേണ്ടി ടോം ജോസിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.

കേരളം ദുരന്തങ്ങളെ നേരിടുന്നത് ഇന്ത്യയിലും ലോകവ്യാപകമായും അംഗീകാരം കിട്ടുന്ന നിലയില്‍ എത്തിയത് കൂട്ടായ ടീം വര്‍ക്കിന്റെ ഭാഗമായാണെന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.  സിവില്‍ സര്‍വീസില്‍ വന്നിട്ടില്ലായിരുന്നെങ്കില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഒരു കൊച്ചുപട്ടണത്തില്‍നിന്നുള്ള എനിക്ക് സാധിക്കുമായിരുന്നു എന്നു കരുതുന്നില്ല.

വിജയങ്ങള്‍ എന്തുമാത്രമാണ് എന്നുള്ളതു കൊണ്ട് ഒരാളെ വിലയിരുത്തരുത്, വീഴ്ചകളില്‍നിന്ന് എത്രമാത്രം എഴുന്നേറ്റു മുന്നോട്ടുപോകാനായി എന്നതില്‍ നിന്നാണ് വിലയിരുത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ആശംസകള്‍ നേര്‍ത്തു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍, സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയുടെ പത്നി സോജ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതവും ജോയന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹഖ് നന്ദിയും പറഞ്ഞു.