ആസ്‌ട്രോ ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങി മഞ്ഞംപൊതിക്കുന്ന്

post

കാസര്‍കോട്: കാഞ്ഞങ്ങാടിന് സമീപം മാവുങ്കാലിലുള്ള മഞ്ഞംപൊതിക്കുന്ന് കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. പ്രകൃതി സൗന്ദര്യത്തിന് കോട്ടംതട്ടാതെയുള്ള ടൂറിസം വികസന പദ്ധതിയാണ് ഇവിടെ ഒരുങ്ങുന്നത്. പുല്‍മേടുകളാല്‍ സമ്പന്നമായ മഞ്ഞംപൊതിക്കുന്നിന് മുകളിലായി രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനും നിരീക്ഷണത്തിനും ആധുനിക ടെലിസ്‌കോപ്, പകല്‍ സമയങ്ങളില്‍ ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂരകാഴ്ച ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ എന്നീ സംവിധാനങ്ങള്‍ ആണ് പ്രധാനമായും ഒരുക്കുന്നത്. ഇതിന് പുറമേ കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.

അജാനൂര്‍, ബല്ല വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന മഞ്ഞംപൊതിക്കുന്നിന്റെ അജാനൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ആസ്‌ട്രോ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. റവന്യൂ വകുപ്പിന് കീഴില്‍ വരുന്ന ഭൂപ്രദേശത്ത് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടര്‍ന്ന് നവംബര്‍ മാസത്തോടെ പ്രവൃത്തി ആരംഭിക്കും.

സമുദ്ര നിരപ്പില്‍ നിന്ന് 2,500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് ഔഷധ സസ്യങ്ങളുടെ കലവറ കൂടിയാണ്. ഇവിടുത്തെ ജൈവവൈവിധ്യം നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് യാഥാര്‍ത്ഥ്യമാകുക. പാര്‍ക്കിങ് സോണ്‍, റിസപ്ക്ഷന്‍ സോണ്‍, ഫെസിലിറ്റി സോണ്‍, വാട്ടര്‍ ഫൗണ്ടെയ്ന്‍ ആന്റ് ആസ്‌ട്രോ സേണ്‍ എന്നിവയുള്‍പ്പെട്ടതാണ് പദ്ധതി. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടൂവീലറുകള്‍ക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിങ് സോണാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍, ബസ്റ്റാന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വീതമാണ് മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം. കാസര്‍കോട് നഗരത്തില്‍ നിന്നും 31 കിലോമീറ്ററും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 92 കിലോമീറ്ററും മംഗലാപുരത്ത് നിന്നും 94 കിലോമീറ്ററും ദൂരംവരും.