സുഭിക്ഷകേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി: കര്‍ഷക രജിസ്‌ട്രേഷന്‍ ആരംഭിച്ചു

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കര്‍മ്മപദ്ധതികള്‍ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു.
നെല്ല്, പഴം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ലോക്ക്ഡൗണിനുശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈ വരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള കര്‍മപദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
25000 ഹെ. തരിശ്ശൂഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി തരിശ്ശൂഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിയവര്‍, കൂടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് aims.kerala.gov.in/subhikshakeralam എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.