'കൂടെയുണ്ട് അങ്കണവാടികള്‍' പദ്ധതിക്ക് തുടക്കമായി.
 
                                                തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ 'കൂടെയുണ്ട് അങ്കണവാടികള്‍' പദ്ധതിക്ക് തുടക്കമായി. വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ഭാഗമായി ഗര്‍ഭിണികളുമായി സംവദിക്കുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.  
കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ മൊബൈല്‍ ഫോണുകള്‍ വഴിയായിരിക്കും സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ അനുസരിച്ച് രണ്ട് തരത്തിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ വഴിയോ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ വഴിയോ ഇത് നടത്തും. അങ്കണവാടി വര്‍ക്കറും ഏഴ് ഗുണഭോക്താക്കളും അടങ്ങുന്നതായിരിക്കും ഈ ഗ്രൂപ്പ് വീഡിയോ കോള്‍. ഏഴില്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ ആളുകളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്തുന്നതാണ്.










