മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി

post

മലപ്പുറം : കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തനായി. മെയ് 15ന് രോഗബാധ സ്ഥിരീകരിച്ച പുലാമന്തോള്‍ കുരുവമ്പലം സ്വദേശി 42കാരനാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. മെയ് ഏഴിന് ദുബായില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് ഇയാള്‍ തിരിച്ചെത്തിയിരുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 12ന്  ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. തുടര്‍ നിരീക്ഷണങ്ങള്‍ക്കായി ഇദ്ദേഹത്തെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റപ് ഡൗണ്‍ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ക്ക് പുറമെ രോഗമുക്തി നേടിയ തിരൂര്‍ ബി.പി അങ്ങാടി സ്വദേശിനിയായ ഗര്‍ഭിണിയും മാറഞ്ചേരി പുറങ്ങ് സ്വദേശിയും സ്റ്റപ് ഡൗണ്‍ ഐ.സിയുവില്‍ തുടരുന്നുണ്ട്.

രോഗമുക്തരായ രണ്ട് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും

വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായ രണ്ട് പേര്‍ ഇന്ന് (മെയ് 26) മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നലെ( മെയ് 25) രോഗവിമുക്തനായ പുലാമന്തോള്‍ കുരുവമ്പലം സ്വദേശി 42കാരന്‍, മെയ് 24ന് രോഗം ഭേദമായ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരന്‍ എന്നിവരാണ് ആശുപത്രി വിടുക. ഇവരെ 108 ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. ഇരുവരും സ്റ്റപ് ഡൗണ്‍ ഐ.സിയുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിരൂര്‍ ബി.പി അങ്ങാടി സ്വദേശിനിയായ യുവതിമാത്രമാകും ഇനി സ്റ്റപ് ഡൗണ്‍ ഐ.സിയുവില്‍ തുടരുക. ഇവരുടെ മൂന്ന് വയസുള്ള മകന്‍ കോവിഡ് ബാധിതനായി ഐസൊലേഷനിലാണ്.