ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നാളെ മുതൽ

post

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 14,78,236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണ ബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോൾ നൽകണം. റേഷൻ കാർഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അർഹതയുള്ളത്. 

അതേസമയം,  മരണശേഷവും ഗൃഹനാഥയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അർഹതയുടെ മറ്റു മാനദണ്ഡങ്ങൾ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ റേഷൻ കാർഡിൽ പേരുള്ള മറ്റൊരു മുതിർന്ന കുടുംബാംഗത്തിന് പണം നൽകി, സത്യവാങ്മൂലം വാങ്ങേണ്ടതാണ്.