രണ്ടാമത് ശ്രീനാരായണ അന്തർദേശീയ പുരസ്‌കാരം പ്രൊഫ. എം ചന്ദ്രബാബുവിന്

post

സാംസ്‌കാരിക വകുപ്പിന് കീഴിലെ ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം നൽകുന്ന രണ്ടാമത് ശ്രീനാരായണ അന്തർദേശീയ പുരസ്‌കാരത്തിനായി പ്രൊഫ. എം ചന്ദ്രബാബുവിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 'ശ്രീനാരായണഗുരു - അപൂർവതകളുടെ ഋഷി' എന്ന കൃതിക്കാണ് പുരസ്‌കാരം. പ്രൊഫ. എം. കെ സാനു ചെയർമാനും ഡോ. എം. എസ്. മുരളി, ശ്രീമദ് ധർമചൈതന്യ സ്വാമി എന്നിവർ അംഗങ്ങളും ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ കൺവീനറുമായ പുരസ്‌കാര സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

സമൂഹത്തിൽ സമത്വവും സാഹോദര്യവും സഹിഷ്‌ണുതയും മതനിരപേക്ഷതയും നിലനിറുത്തുവാനും വളർത്തുവാനും പ്രേരിപ്പിക്കുന്ന രചനകളാണ് പരിഗണനയ്ക്ക് വന്നവ എന്ന് സമിതി വിലയിരുത്തി. ചിന്താപരമായ വിലയിരുത്തലുകളാകണമെന്നതും സമഗ്രപഠനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നതും കണക്കിലെടുത്താണ് 'ശ്രീനാരായണഗുരു - അപൂർവതകളുടെ ഋഷി' എന്ന കൃതിക്ക് ശ്രീനാരായണ അന്തർദേശീയ പുരസ്ക്കാരം നൽകുന്നതിന് സമിതി തീരുമാനിച്ചത്. ശ്രീനാരായണ ദർശനത്തോടും വീക്ഷണത്തോടും കുറുപുലർത്തുന്ന സാമൂഹിക ശ്രേഷ്ഠ ഗ്രന്ഥമാണിതെന്ന് സമിതി വിലയിരുത്തി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജൂണ്‍ 11 ന് തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.