ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ പ്രവർത്തികൾ പുനരാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.23 പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചതായും മെയ് 31 നുള്ളിൽ ഒന്നാം ഘട്ട  പ്രവൃത്തികൾ പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

രണ്ടാം ഘട്ടത്തിലെ പദ്ധതികൾക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിലെ ജനങ്ങൾക്ക്  വെള്ളക്കെട്ടിൽ നിന്നും ശാശ്വത പരിഹാരം ഉണ്ടാകുന്ന തരത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കഴിഞ്ഞ വർഷം ഒരു ദിവസത്തെ മഴ കൊച്ചി നഗരത്തെ തന്നെ വെള്ളക്കെട്ടിനടിയിലാക്കി. അന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലൂടെ ആയിരുന്നു കൊച്ചിയെ വെള്ളക്കെട്ടിൽ നിന്നും മോചിപ്പിച്ചത്. കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാൻ  ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടരാനായിരുന്നു സർക്കാരിന്റെ തീരുമാനം.

25 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകി. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പ്രവൃത്തികൾക്കുള്ള പദ്ധതി രേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി. വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിലെ 35 പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. മാർച്ച് 31നകം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടതാണെങ്കിലും കോവിഡ്-19 ലോക്ഡൗൺ കാരണം നീണ്ടു പോയതായും മുഖ്യമന്ത്രി അറിയിച്ചു.