ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്

post

തൃശൂര്‍ : ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 15 ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി തിരിച്ചെത്തിയ ഒല്ലൂര്‍ സ്വദേശിയായ യുവാവിനാണ് (36) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം വാളയാറില്‍ എത്തിയ സുഹൃത്തും മൂര്‍ക്കനിക്കര സ്വദേശിയുമായ യുവാവിനെ രോഗലക്ഷണങ്ങളുമായി പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 17 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ജില്ലയില്‍ വീടുകളില്‍ 6841 പേരും ആശുപത്രികളില്‍ 33 പേരും ഉള്‍പ്പെടെ ആകെ 6874 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിന്റെ ഭാഗമായി എഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

 33 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1578 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1538 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 40 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

383 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്.  99 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1577 പേരെയും മത്സ്യചന്തയില്‍ 960 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 115 പേരെയും സ്‌ക്രീന്‍ ചെയ്തു.

നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികള്‍ക്കും അന്യസംസ്ഥാനത്തില്‍ നിന്നുമുളള മലയാളികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ ബോധവല്‍ക്കരണകിറ്റും നല്‍കുന്നുണ്ട്.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാഞ്ഞാള്‍ മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.

സ്ഥാപനങ്ങളില്‍ ക്വാറന്റീനില്‍ കഴിയുന്നത് 572 പേര്‍

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നത് 572 പേര്‍. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 304 പേരാണ് 7 കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുളളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കായി 64 കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.