വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

post

തിരുവനന്തപുരം: വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ വകുപ്പുകളും സ്വസ്തി ഫൗണ്ടേഷനും സഹകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേവി ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയും പിന്തുണയുമായി രംഗത്തുണ്ട്. ജലാശയങ്ങളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വെള്ളായണി കായലിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും മുഖ്യമന്ത്രിയും എല്ലാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പുനരുജ്ജീവിപ്പിക്കുന്ന വെള്ളായണി കായല്‍മേഖല പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഉത്തരവാദിത്ത ടൂറിസം സൗഹൃദ മേഖലയാക്കി മാറ്റാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്.

ശുചീകരണത്തിന്റെ ഭാഗമായി കായല്‍ ആഴം കൂട്ടല്‍ ഉള്‍പ്പെടെയുള്ള കര്‍മപദ്ധതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആഴം കൂട്ടലും തുടര്‍ സംരക്ഷണവും ഉള്‍പ്പെടെയുള്ള വിശദമായ പദ്ധതി ബാര്‍ട്ടന്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കായലിന്റെ സംരക്ഷണത്തിനായി 60 വീതം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുചീകരിച്ചാലും മാലിന്യം തള്ളാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ തടയാനും അവബോധം നല്‍കാനും ഇതിലൂടെ കഴിയും. ഇത്തരം പദ്ധതികളുടെ വിജയത്തിന് നാട്ടുകാരുടെ സഹകരണവും ഇടപെടലും ജാഗ്രതയും അനിവാര്യമാണ്.

കഴിഞ്ഞ മേയ് മുതല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ 40 ഏക്കറോളം വിസ്തൃതിയില്‍ കായലിലെ കളകള്‍ മാറ്റാനും മാലിന്യം നീക്കാനുമായിട്ടുണ്ട്. ഇനിയും കൂടുതല്‍ ശ്രമകരമായ പ്രവര്‍ത്തനം ആവശ്യമാണ്. ജലാശയങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്ന തിരിച്ചറിവോടെ ജനകീയ പിന്തുണയുമായി രംഗത്തിറങ്ങിയ സ്വസ്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. കായല്‍ വീണ്ടെടുപ്പില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് എത്തിയ നേവിയുടെ പങ്കാളിത്തവും ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നേവി കമാന്റിംഗ് ഓഫീസര്‍ കമഡോര്‍ ജി. പ്രകാശ് എന്‍.എം മുഖ്യാതിഥിയായിരുന്നു. കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നേവിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഹൈഡ്രോഗ്രാഫി സര്‍വേ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കാലത്തോളം സഹകരണം നല്‍കുമെന്നും പറഞ്ഞു. ചടങ്ങില്‍ എം.വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വസ്തി ഫൗണ്ടേഷന്‍ ഭാരവാഹി മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുന്‍ പ്രധാനമന്ത്രിയുടെ അഡൈ്വസര്‍ ടി.കെ.എ നായര്‍, സംവിധായകന്‍ മധുപാല്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയലക്ഷ്മി, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, മറ്റ് സാംസ്‌കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റിവൈവ് വെള്ളായണി ജനറല്‍ കണ്‍വീനര്‍ വി.ശിവന്‍കുട്ടി സ്വാഗതവും ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ സനൂജ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് വിവിധ സ്‌കൂളുകളിലെ കുട്ടികള്‍, എന്‍.എസ്.എസ്, എന്‍.സി.സി വിഭാഗങ്ങളുടെ ഘോഷയാത്ര, നീന്തല്‍ താരങ്ങളുടെ പ്രകടനം, നേവിയുടെ കയാക്കിംഗ്, കനോയിംഗ്, ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ വാട്ടര്‍ റെസ്‌ക്യൂ ഡെമോ, കുട്ടികളുടെ കരാട്ടെ ഡെമോ എന്നിവ അവതരിപ്പിച്ചു.

ആദ്യഘട്ട ശുചീകരണത്തില്‍ കായലിലെ വവ്വാമൂല മേഖലയില്‍ നിന്ന്  6451 ലോഡ് മാലിന്യങ്ങളാണ് നീക്കിയത്. സ്വസ്തി ഫൗണ്ടേഷന്‍, ജനകീയ പങ്കാളിത്തത്തോടെ റിവൈവ് വെള്ളായണി, സര്‍ക്കാര്‍ വകുപ്പുകള്‍, പ്രദേശത്തെ  തദ്ദേശസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വിവിധ എന്‍.ജി.ഒകള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വീഡ് ഹാര്‍വെസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗവും രംഗത്തുണ്ടാകും.