പ്രവാസികള്‍ കൂടുതലായെത്തുമ്പോള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രത വര്‍ധിപ്പിക്കേണ്ടി വരും: മുഖ്യമന്ത്രി

post

തിരുവനന്തപുരം:  പ്രവാസികള്‍ കൂടുതലായെത്തുമ്പോള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രത വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധാരണാപ്പിശകുകൊണ്ട് ആര്‍ക്കും അലംഭാവം ഉണ്ടായിക്കൂട. സംസ്ഥാനത്ത് വിവിധ മാര്‍ഗങ്ങളിലൂടെ 74,426 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 44712 പേര്‍ റെഡ്‌സോണുകളില്‍ നിന്നാണെത്തിയത്. റോഡു മാര്‍ഗം 63239 പേര്‍ വന്നു. ഇതില്‍ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തിലെത്തിയ 53 പേര്‍ക്കും കപ്പലിലെത്തിയ ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതുവരെ 26 വിമാനങ്ങളും മൂന്നു കപ്പലുകളും എത്തി. 3305 പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി. 123 പേരെ ആശുപത്രിയിലേക്ക് മാറ്റി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്. അതനുസരിച്ചാണ് സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അത്ര അത്യാവശ്യമല്ലാത്ത പലരും ഇതിന്റെ പ്രയോജനം ഉപയോഗിക്കുന്നു. മുന്‍ഗണന തെറ്റിച്ച് ചിലര്‍ എത്തുന്നു. ഈ അവസ്ഥ ഒഴിവാക്കണം. ഔദ്യോഗിക സംവിധാനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ തിക്കും തിരക്കും അപകടം ക്ഷണിച്ചുവരുത്തും. കേരളത്തിലേക്ക് വരുന്നവരുടെ വിവരം ആരോഗ്യം, തദ്ദേശസ്വയംഭരണം, പോലീസ് വിഭാഗങ്ങള്‍ സൂക്ഷിക്കണം.

ഇപ്പോള്‍ വാഹനങ്ങളില്‍ ആളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗുണം ചെയ്യില്ല. ലോക്ക്ഡൗണ്‍ ഇളവ് വന്നതോടെ കാര്യങ്ങള്‍ അയഞ്ഞു പോകാന്‍ പാടില്ല. ചെക്ക്‌പോസ്റ്റുകളിലും ആശുപത്രികളിലും പി. പി. എ കിറ്റും മാസ്‌ക്കും ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. റോഡിന്റെ വശങ്ങളില്‍ തട്ടുകടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം പാഴ്‌സല്‍ നല്‍കാന്‍ മാത്രമാണ് കേരളത്തില്‍ അനുമതിയുള്ളത്. ട്യൂഷന്‍ സെന്ററുകള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കും.

ആശുപത്രികളിലെ തിരക്ക് വര്‍ധന നിയന്ത്രിക്കും. എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിയത് പരിഹരിക്കും. ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം. പത്തു വയസില്‍ താഴെയുള്ള കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നത് പൂര്‍ണമായി ഒഴിവാക്കണം. തുണി മൊത്തവ്യാപാരകടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.

പരീക്ഷ നടത്തുന്നതിനും ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആവശ്യമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. പരീക്ഷ നടത്തുന്നതില്‍ ആശങ്ക വേണ്ട. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാവും പരീക്ഷ നടത്തുക. ജൂലൈ 26ന് നടക്കുന്ന നീറ്റ് പരീക്ഷ ഗള്‍ഫിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എഴുതുന്നതിന് അവിടങ്ങളില്‍ സൗകര്യം ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഫോട്ടോ എടുക്കുന്നതിന് സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ആദ്യ ഘട്ടം മേയ് 31നകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചെങ്ങള- നീലേശ്വരം റോഡിന്റെ വികസനത്തിന് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതിയായി. 37.268 കിലോമീറ്റര്‍ ദൂരമാണ് ആറു വരിയായി വികസിപ്പിക്കുന്നത്. 1197.568 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടര വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. 40.7803 ഹെക്ടര്‍ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടിവരും.  

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.