ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്

post

ക്വാറന്റൈന്‍ ലംഘിച്ച 65 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സമീപം പോലീസ് ഉദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. വീടുകളിലെ ക്വാറന്റൈന്‍ ലംഘിച്ച 65 പേര്‍ക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു. തിരുവനന്തപുരത്ത് 53, കാസര്‍കോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തത്. 

ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍കിയ അവധി തുടരണോയെന്ന് ആലോചിക്കും. ഇന്ന് (16ന്) അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. അതിര്‍ത്തിയിലും ചെക്ക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാന്‍ അധിക പോലീസിനെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.