വയനാട് പ്രത്യേക ശ്രദ്ധ; കണ്ടെയ്ന്‍മെന്റ് സോണ്‍ വിട്ട് യാത്ര അനുവദിക്കില്ല

post

തിരുവനന്തപുരം:  രോഗബാധയുടെ തോതനുസരിച്ച് വയനാട് ജില്ലയില്‍ പ്രത്യേക ശ്രദ്ധ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലായിടത്തെയും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രത്യേകമായി സംരക്ഷിക്കും. സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വിട്ട് യാത്ര അനുവദിക്കില്ല.

ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഫീല്‍ഡില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് ആവശ്യമായ വിശ്രമം എങ്ങനെ അനുവദിക്കാനാവുമെന്നത് പരിശോധിക്കും. നിരീക്ഷണത്തിലും റിവേഴ്സ് ക്വാറന്റൈനിലും കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നതിന് വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം പ്രധാനമാണ്. ഇവരും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നവരാണ്. ഇതില്‍ പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാരുടെ മറ്റൊരു ടീമിനെ സജ്ജമാക്കി നിര്‍ത്തണം. സര്‍ക്കാര്‍ സംവിധാനത്തിന്റെ ശ്രദ്ധയില്‍പെടാതെ ആരെങ്കിലും എത്തിയാല്‍ നാട്ടുകാര്‍ കണ്ടെത്തി വിവരം വാര്‍ഡ്തല സമിതിയെ അറിയിക്കുകയും അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുകയും വേണം.

ചെങ്കല്‍ ക്വാറികളില്‍ ജോലിക്കായി കര്‍ണാടകത്തില്‍ നിന്ന് ഊടുവഴികളിലൂടെ ആളെത്തുന്നതായി പരാതിയുണ്ട്. ഇതില്‍ ചെങ്കല്‍ക്വാറി ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും ശുചിയാക്കാന്‍ അനുമതി നല്‍കും. 15 ശതമാനം വസ്ത്രവ്യാപാര സ്ഥാപനങ്ങളാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. വസ്ത്രവ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ അവ്യക്തതയുണ്ടെങ്കില്‍ അത് തിരുത്താന്‍ നിര്‍ദ്ദേശം നല്‍കും. ഇസ്രയേലില്‍ വിസാ കാലാവധി കഴിഞ്ഞ 82 മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രത്തെ ബന്ധപ്പെടും. തടിലേലം കഴിഞ്ഞ ശേഷം ലോക്ക്ഡൗണ്‍ ആയതിനാല്‍ തറവാടകയും പലിശയും നല്‍കുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനം എടുക്കും. ശനിയാഴ്ച വയനാട് നടത്താനിരുന്ന തടിലേലം മാറ്റിവച്ചിട്ടുണ്ട്.

മത്സ്യപരിശോധനയ്ക്കിടയില്‍ കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും. ദുരിതഘട്ടത്തിലെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും രോഗം വരുന്നത് ഗൗരവമാണ്. ഇവരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കും. ആശുപത്രി ഒ.പിയിലെ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ വഴി ക്രമീകരിക്കുന്നത് പരിശോധിക്കും. സംസ്ഥാനത്തെ ജലഗതാഗതം പൊതുഗതാഗത സംവിധാനത്തോടൊപ്പം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.