മഞ്ചേശ്വരം താലൂക്ക് ആശുപത്രിയ്ക്ക് സ്വകാര്യ മേഖലയുടെ പിന്തുണ

post

10 ഡയാലിസിസ്  മെഷീനുകള്‍ കൈമാറി

കാസര്‍കോട്  : അതിര്‍ത്തിപ്രദേശത്തെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റെന്ന സ്വപ്നം പൂവണിയുന്നു. ഒരു മേഖലയുടെ ആരോഗ്യവികസനത്തിന് പിന്തുണ നല്‍കി അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ചെയര്‍മാനായ ഐഷല്‍ ഫൗണ്ടേഷന്‍ മംഗല്‍പാടിയിലെ താലൂക്ക് ആശുപത്രിക്ക് പത്ത് ഡയാലിസിസ് മെഷീനുകള്‍ കൈമാറി. ഇതോടെ മേഖലയിലെ വൃക്കരോഗികള്‍ക്ക് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ സൗജന്യ ചികിത്സ നടത്താനുള്ള സാഹചര്യമൊരുങ്ങി. ഡയാലിസിസ് ഉപകരണങ്ങള്‍ക്കായി 75 ലക്ഷത്തോളം രൂപയാണ് ഫൗണ്ടേഷന്‍ ചിലവഴിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി സ്വകാര്യ മേഖലയില്‍ നിന്നുമുണ്ടാകുന്ന പിന്തുണയ്ക്ക് ഉത്തമ മാതൃകയാണിത്.

  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മഞ്ചേശ്വരത്തെ വൃക്ക രോഗികള്‍ക്ക്  ആശ്വാസം പകരുന്ന രീതിയില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക എന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നെന്നും ബ്ലോക്ക് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു. അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ഡയാലിസിസ് കെട്ടിടം പൂര്‍ത്തിയാക്കുകയും അതിനാവശ്യമായ വൈദ്യുതി, ജലം എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുകയും ചെയ്തിരുന്നു. കൂടാതെ ഡയാലിസിസിനാവശ്യമായ ആര്‍ ഓ പ്ലാന്റിനായി എം സി ഖമറുദീന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു. ഈ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു പോയിരുന്ന ഘട്ടത്തിലാണ് ഉപ്പളയിലെ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് മുക്കാല്‍ കോടി രൂപയോളം വില വരുന്ന പത്ത് ഡയാലിസിസ് മെഷീനുകള്‍ വാഗ്ദാനം നല്‍കിയത്.