കോവിഡ് ബാധ: പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി

post

മാനന്തവാടി : മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പോലീസ് സേനാംഗങ്ങളും  ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു നിര്‍ഭയമായിത്തന്നെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രതിരോധ കിറ്റുകളും പോലീസിന് ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പോലീസുകാര്‍ക്കിടയില്‍ കോവിഡ് ബാധ തടയുന്നത്  പരമാവധി  കുറയ്ക്കുവാന്‍ കഴിഞ്ഞത്. ജോലിയുടെ പ്രത്യേകത കൊണ്ടുതന്നെ  ലോകത്തെമ്പാടും ധാരാളം പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരേസമയം ഒന്നിലധികം അസുഖങ്ങള്‍ ഉള്ള പോലീസുദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.