പാര്‍ശ്വവല്‍കൃത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പരിശീലന പിന്തുണയുമായി സമഗ്ര ശിക്ഷാ

post

സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട 200 ഓളം കേന്ദ്രങ്ങളിലായാണ് പരീക്ഷാ പിന്തുണ പരിശീലന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം  സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പൊതുപരീക്ഷകള്‍ മാറ്റിവയ്ക്കപ്പെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തവരായിട്ടുള്ളവര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍, മലയോരമേഖലകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഗോത്രമേഖലയിലെ കുട്ടികള്‍, തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കുവേണ്ടി സമഗ്ര ശിക്ഷാ, കേരളം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉള്‍പ്പെടുന്ന 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലനത്തിന് പിന്തുണയൊരുക്കുന്നു.

സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കുന്നതിനാണ് സമഗ്ര ശിക്ഷാ, ലക്ഷ്യമിടുന്നത്. പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതുവരെ പരീശീലനം വ്യാപിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലുള്ള തെരെഞ്ഞെടുത്ത പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് പരീക്ഷാ പിന്തുണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

അധിക പഠനസാമഗ്രികള്‍, മാതൃകാ പരീക്ഷാ ചോദ്യപേപ്പറുകള്‍, പഠന സഹായികള്‍ തുടങ്ങിയവയാകും കുട്ടികള്‍ക്ക് എത്തിക്കുക. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കുവേണ്ടി പരമാവധി വീടുകളിലും സമഗ്ര ശിക്ഷയുടെ ഊരുവിദ്യാകേന്ദ്രങ്ങളിലും പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളിലും മാത്രമായി നിലവിലെ ലോക്ഡൗണ്‍ മാനദണ്ഡങ്ങളും ആരോഗ്യ ചട്ടങ്ങളും പാലിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് പിന്തുണാ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 10, 11, 12 ക്ലാസുകളില്‍പ്പെട്ട പൊതുപരീക്ഷ എഴുതുന്ന കുട്ടികൾക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുക. 10-ാം തരത്തില്‍ മൂന്ന് വിഷയങ്ങളിലും പ്ലസ്ടുവിന് നാല് വിഷയങ്ങളിലും വി.എച്ച്.എസ്.സിയില്‍ അഞ്ച് വിഷയങ്ങളിലുമാണ് ഇനി പരീക്ഷ നടക്കേണ്ടത്. ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് മാറ്റിവച്ചിരിക്കുന്ന പരീക്ഷകള്‍ സുരക്ഷാമാനദണ്ഡം പാലിച്ച് നടത്തുന്നതിന് സര്‍ക്കാര്‍ തീരമാനിച്ചിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സമഗ്ര ശിക്ഷയുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകുന്നത്. എല്ലാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലന മാതൃകയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും, ജനപ്രതിനിധികളുടെയും, വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും നിസ്സീമമായ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നതായും ഡയറക്ടര്‍ ഡോ. എ. പി. കുട്ടികൃഷ്ണന്‍ അറിയിച്ചു.