ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ എത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ല: മുഖ്യമന്ത്രി

post

തിരുവനന്തപുരം : ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ അതിര്‍ത്തിയിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും അതിര്‍ത്തിയില്‍ എത്തുന്നവരുണ്ട്. ഇങ്ങനെ വരുമ്പോള്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുടെ താളംതെറ്റും. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പാസില്ലാതെ എത്തുന്നവരെ മടക്കിയയക്കും. പാസ് ലഭിച്ച ശേഷം മാത്രമേ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് പുറപ്പെടാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ എത്തേണ്ട സമയം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചു വേണം വരേണ്ടത്. ഇത് അതിര്‍ത്തിയിലെ നടപടിക്രമം ലളിതമാക്കാന്‍ സഹായിക്കും. അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ സ്ഥലത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് പോലീസാണ്. നിശ്ചിത സ്ഥലത്തെത്തിയില്ലെങ്കില്‍ അത് ചട്ടലംഘനമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ഓരോ ചെക്ക്പോസ്റ്റിന്റേയും പരിധി കണക്കാക്കിയാണ് പാസ് ഓരോ ദിവസത്തേക്കും അനുവദിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 21812 പേര്‍ കേരളത്തിലെത്തി. 54262 പേര്‍ക്കാണ് പാസ് അനുവദിച്ചത്.

അതിര്‍ത്തിയിലെത്തുന്നവരുടെ പരിശോധന വേഗത്തിലാക്കി പ്രവേശനാനുമതി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനവും തേടും. ജനങ്ങളെ നിയന്ത്രിക്കുന്നതിന് എല്ലാ ചെക്ക്പോസ്റ്റുകളിലും കൂടുതല്‍ പോലീസുകാരെ നിയോഗിക്കും.

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ സഹായിക്കുന്നതിന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ന്യൂഡല്‍ഹി കേരളഹൗസ്, മുംബയ് കേരള ഹൗസ്, ചെന്നൈ, ബംഗളൂരു നോര്‍ക്ക ഓഫീസുകള്‍ എന്നിവിടങ്ങളിലാവും ഹെല്‍പ്ഡെസ്‌ക്ക്. ഇതോടൊപ്പം കാള്‍സെന്റര്‍ സംവിധാനവും ഇവിടങ്ങളിലുണ്ടാവും. വിദൂരസ്ഥലങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മലയാളികളെ കൊണ്ടുവരാനുള്ള ശ്രമം തുടരുന്നു. ആദ്യത്തെ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് യാത്ര നടത്തുമെന്നാണ് പ്രതീക്ഷ. തീയതി ഉടന്‍ അറിയാം. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. മുംബയ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആലോചിക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളെ എത്തിക്കാന്‍ തയ്യാറാണെന്ന് ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 493 വാഹനങ്ങള്‍ ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നെത്തി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഗര്‍ഭിണികളും വീട്ടുകാരും കര്‍ക്കശ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇവര്‍ ആശുപത്രികളില്‍ ചെക്ക്അപ്പിനു പോകുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഇഷ്ടമുള്ള ആശുപത്രിയില്‍ ഈ ഘട്ടത്തില്‍ പോകുന്നത് ആരോഗ്യത്തിന് ഹാനികരമായി മാറിയേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.