ശാന്തകുമാരിയമ്മ വാര്‍ധക്യകാല പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

post

തൃശൂര്‍ : സ്വന്തം കിടപ്പാടവും 17 സെന്റ് പുരയിടവും കുന്നംകുളം നഗരസഭയ്ക്ക് എഴുതിക്കൊടുത്ത് വേറിട്ട ജീവിതം നയിക്കുന്ന ശാന്തകുമാരിയമ്മ തനിക്ക് ലഭിച്ച വാര്‍ധക്യകാല പെന്‍ഷന്‍ തുകയില്‍ നിന്നും 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി. കുന്നംകുളം നഗരസഭ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവരുടെ ദുരിതമകറ്റാനും തന്നാല്‍ കഴിയുന്നത് ചെയ്യുകയാണെന്ന് ശാന്തകുമാരിയമ്മ പറഞ്ഞു. 68 വയസ്സായ ചിറളയം സ്വദേശി ശാന്തകുമാരിയമ്മ നഗരസഭ പണിത് നല്‍കിയ പുതിയ വീട്ടിലാണ് ഇപ്പോള്‍ തനിച്ച് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം നഗരസഭയ്ക്ക് വിട്ടു നല്‍കിയ ഭൂമിയില്‍ വയോജനങ്ങള്‍ക്ക് പ്രയോജനകരമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്ന അവരുടെ ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലാണ് നഗരസഭ. ഈ വര്‍ഷം സ്ഥലത്ത് 30 ലക്ഷം രൂപയാണ് വയോജനമന്ദിരം പണിയുന്നതിന് നഗരസഭ നീക്കി വെച്ചിട്ടുള്ളത്. ദുരിതാശ്വാസ നിധിയിലേക്കുള്ള പണം ഏറ്റുവാങ്ങിയ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി.സലീം, ശാന്തകുമാരിയമ്മയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ള കൗണ്‍സിലര്‍ കെ.എ.അസീസ്, മുന്‍ കൗണ്‍സിലര്‍ അമൃത ബാബു, എ.കെ.ബിനു, ഗോകുല്‍, മില്‍ട്ടണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.