വിമാനത്താവളം മുതല്‍ നിരീക്ഷണ കേന്ദ്രം വരെ
കോട്ടയം:വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വിമാനത്താവള ത്തില്‍ എത്തുന്നതു മുതല്‍ ക്വാറന്‍റയിൻ കേന്ദ്രത്തില്‍ താമസമാക്കുന്നതുവരെ ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ
ഓരോ വിമാനത്തിലും എത്തുന്നവരുടെ വിവരങ്ങള്‍ കളക്ടറേറ്റില്‍ മുന്‍കൂട്ടി ലഭിക്കും.
ഇതനുസരിച്ച് ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിപ്പിക്കേണ്ടവര്‍ക്കു വേണ്ട അവസാന ക്രമീകരണങ്ങള്‍ തീരുമാനിക്കും. ആദ്യ രണ്ടു ദിവസങ്ങളിലായി എത്തിയ 18 പേരെ കോതനല്ലൂര്‍ തുവാനിസ റിട്രീറ്റ് സെന്‍ററിലാണ് താമസിപ്പിച്ചിരിക്കുന്നത്.
ജില്ലാ കളക്ടറുടെ പ്രതിനിധി നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍നിന്നുള്ളവരെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നു. പാലാ ആര്‍.ഡി.ഒ എം.ടി അനില്‍കുമാറാണ് ഈ ചുമതല നിര്‍വഹിക്കുന്നത്.
കൊണ്ടുവരുന്നവരെ താമസപ്പിക്കുന്ന ക്വാറൻ്റയിന്‍ കേന്ദ്രത്തിലെ ക്രമീകരണങ്ങളുടെ അന്തിമ വിലയിരുത്തല്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.
വിമാനത്താവളത്തില്‍നിന്ന് പ്രവാസികളുമായി വാഹനം പുറപ്പെടുമ്പോള്‍ ഏകോപനച്ചുമതയുള്ള ഉദ്യോഗസ്ഥന്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കും.
പ്രവാസികള്‍ എത്തുമ്പോള്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള മുറികളിലേക്ക് അയയ്ക്കും.
ഇതോടൊപ്പം നീരീക്ഷണ കേന്ദ്രത്തില്‍ എത്തിയിട്ടുള്ള യാത്രക്കാരുടെയും ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ട് വീടുകളിലേക്ക് പോകുന്ന ഗര്‍ഭിണികള്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍, 75 വയസിനു മുകളിലുള്ളവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ അന്തിമ സ്ഥിരീകരണവും നടക്കും. വിമാനത്താവളത്തില്‍നിന്ന് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കുക.










