ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് ഒരാഴ്ചത്തേക്ക് പാസ് -മുഖ്യമന്ത്രി

post

തിരുവനന്തപുരം :  അനുവദിക്കപ്പെട്ട ജോലികള്‍ക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി അതതു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയാണ് സമീപിക്കേണ്ടത്. ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പാസ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് പാസിന്റെ മാതൃക പൂരിപ്പിച്ച് അതുമായി ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ സമീപിച്ചു നേരിട്ട് പാസ് വാങ്ങാം.

വിദേശങ്ങളില്‍ നിന്ന് ഇന്നലെ വിമാനത്താവളങ്ങളില്‍ വന്നവരെ വീടുകളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നു. ഈ സംവിധാനം വരും ദിവസങ്ങളിലും തുടരും. ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും വിമാനത്താവളങ്ങളിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ ഹോട്ടലുകള്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. ലോക്ഡൗണ്‍ ഘട്ടത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദമില്ല. ചെറിയ ആവശ്യങ്ങള്‍ക്ക് ഓട്ടോ അനുവദിക്കാമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരായും.തിരിച്ചെത്തിയ പ്രവാസികളെ വീട്ടില്‍ ചെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ ഇന്റര്‍വ്യു ചെയ്യുന്നത് ആരോഗ്യകരമല്ല. എല്ലാവരുടെയും സുരക്ഷയെ കരുതി മാധ്യമങ്ങള്‍ കൃത്യമായ നിയന്ത്രണം പാലിക്കണം.

അഭിഭാഷകര്‍ക്ക് ഔദ്യോഗിക ആവശ്യാര്‍ത്ഥം അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുവാദം നല്‍കും. കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അഡ്വക്കേറ്റുമാര്‍ക്ക് ഹാജരാകാന്‍ സൗകര്യമുണ്ടാക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ബാങ്കുകള്‍ വഴി വിതരണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കും.

പെന്‍ഷന്‍, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ വീതം സഹായം നല്‍കുന്നെതിന്റെ വിതരണം സഹകരണവകുപ്പ് അടുത്ത വ്യാഴാഴ്ച (മെയ് 14) ആരംഭിക്കും. മെയ് 25നകം വിതരണം പൂര്‍ത്തിയാക്കും.

സംസ്ഥാനത്ത് കോവിഡ് കാലത്തിനുശേഷമുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള 'സുഭിക്ഷ കേരളം' പദ്ധതി വഴി ഒരുവര്‍ഷം കൊണ്ട് 3,860 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നീ മേഖലകളില്‍ വിവിധ വകുപ്പുകള്‍ ഒന്നിച്ച് നടപ്പാക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തരിശുനിലങ്ങളില്‍ കൃഷിയിറക്കുക, ഉല്‍പാദനവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ ബൃഹദ് പദ്ധതിയിലൂടെ നമുക്ക് ഇന്നത്തെ പ്രയാസങ്ങളെ അതിജീവിക്കാന്‍ കഴിയണം.

വിശാഖപട്ടണത്തുണ്ടായ വിഷവാതകച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക്ക്ഡൗണിനുശേഷം തുറക്കേണ്ട ഇതര വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പുവരുത്തും. ഇതില്‍ വ്യവസായവകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ട്.

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണതോതില്‍ പുനരാരംഭിച്ചാലേ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുകയുള്ളു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണസംവിധാനത്തെ സഹായിക്കാന്‍ സീനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ചത് വിവേചനപൂര്‍വം നടപ്പാക്കും. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍ക്ക് ഇളവുനല്‍കും. അവശ്യംവേണ്ട ഭക്ഷണശാലകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

വിദേശങ്ങളില്‍നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ 4ജി സിം സര്‍വീസ് നല്‍കാമെന്ന് എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. സൗജന്യ ഡാറ്റാ ടോക്ക്‌ടൈം സേവനം ഉണ്ടാകുമെന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്‌സിന്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ വികസിപ്പിച്ചാല്‍ പേറ്റന്റ് ചെയ്ത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വന്‍ വിലയ്ക്കായിരിക്കും മാര്‍ക്കറ്റ് ചെയ്യുക. ഇതിനു ബദലായി പരസ്പര സഹകരണത്തിന്റെയും പങ്കിടലിന്റെയും അടിസ്ഥാനത്തില്‍ ശക്തിപ്പെടുന്ന ഓപ്പണ്‍സോഴ്‌സ് കോവിഡ് പ്രസ്ഥാനത്തിന് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.