അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പാസ് അനുവദിക്കുന്നത് തുടരും -മുഖ്യമന്ത്രി

post

തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പാസ് അനുവദിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാന്‍ പറ്റുന്ന അത്രയും ആളുകള്‍ക്കാണ് പാസ് നല്‍കുന്നത്. ഇങ്ങനെ വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ എത്തുന്ന ജില്ലകള്‍ക്കും ഉണ്ടാകണം. പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല, ഇപ്പോള്‍ ക്രമവല്‍കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരാള്‍ വരുന്നത് റെഡ്‌സോണ്‍ മേഖലയില്‍നിന്നാണ് എന്നതുകൊണ്ടുമാത്രം അവരെ തടയില്ല. എന്നാല്‍, വ്യക്തമായ ഒരു പ്രക്രിയ സജ്ജമായ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ കടത്തിവിടാന്‍ കഴിയില്ല. ചിലര്‍ ഏതോ മാര്‍ഗേന അതിര്‍ത്തികളിലെത്തി നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ക്ക് വരേണ്ട സ്ഥലത്തുനിന്നും കേരളത്തില്‍ നിന്നും ഇതിനുള്ള പാസ് ആവശ്യമാണ്.

അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങള്‍ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കാത്ത രീതിയില്‍ തിരക്കുണ്ടാകാന്‍ പാടില്ല. ഇതില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കണം.

അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ ആരംഭിക്കുന്നത് ആലോചിക്കും. ഗര്‍ഭിണികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ സിസ്റ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനകം 86,679 പേര്‍ പാസുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 37,891 (43.71 ശതമാനം) പേര്‍ റെഡ്‌സോണ്‍ ജില്ലകളിലുള്ളവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 45,814 പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ചവരില്‍ 19,476 പേര്‍ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ്. ഇതുവരെ 16,385 പേര്‍ എത്തി. അതില്‍ 8912 പേര്‍ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ്. കഴിഞ്ഞദിവസം വന്നവരില്‍ 3216 പേരെ ക്വാറന്റൈനിലേക്ക് മാറ്റി. മുമ്പ് റെഡ്‌സോണില്‍ നിന്ന് വന്നവരെ കണ്ടെത്തി സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ സൗകര്യത്തിലേക്ക് മാറ്റുന്നുണ്ട്.

റെഡ്‌സോണ്‍ ജില്ലകളില്‍നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയണം. റെഡ്‌സോണില്‍നിന്ന് യാത്ര തിരിക്കുന്ന 75 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും രക്ഷിതാക്കളോടൊപ്പം വരുന്ന പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഗര്‍ഭിണികള്‍ക്കും 14 ദിവസം വീടുകളിലാണ് ക്വാറന്റൈന്‍ വേണ്ടത്. റെഡ്‌സോണില്‍നിന്ന് വരുന്നവരെ ചെക്ക്‌പോസ്റ്റില്‍ നിന്നുതന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെയും വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ അനുവദിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഡല്‍ഹിക്ക് സമീപപ്രദേശങ്ങളിലെ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ഡെല്‍ഹിയിലെത്തിച്ച് കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മുംബൈ, ബംഗളൂരു നഗരങ്ങളില്‍നിന്ന് കേരളീയരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടി ലഭ്യമാക്കാന്‍ മാര്‍ഗങ്ങള്‍ തേടും.

ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യം ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി സംസാരിച്ചു. അവരെ കപ്പലില്‍ അയക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിയാല്‍ സ്‌ക്രീനിങ് നടത്തി ഇവരെ വീടുകളിലേക്ക് വിടാം.

മാലിദ്വീപില്‍ നിന്നും എത്തുന്ന കപ്പലില്‍ വിദേശങ്ങളില്‍നിന്ന് എത്തുന്നവരില്‍ മറ്റു സംസ്ഥാനക്കാരുമുണ്ട്. അവരില്‍ ദൂരസംസ്ഥാനക്കാര്‍ക്ക് ഇവിടെത്തന്നെ ക്വാറന്റൈന്‍ സൗകര്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴാം തീയതി വരെ 21 ട്രെയിനുകളിലായി 24,088 അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ഇന്ന് ലഖ്‌നൗവിലേക്ക് ഒരു ട്രെയിനാണ് പോകുന്നത്. കഴിഞ്ഞദിവസം വരെ ബിഹാറിലേക്ക് 9 ട്രെയിനുകളിലായി 10,017 ഉം ഒഡീഷയിലേക്ക് മൂന്ന് ട്രെയിനുകളില്‍ 3421 ഉം ജാര്‍ഖണ്ഡിലേക്ക് അഞ്ച് ട്രെയിനുകളില്‍ 5689 ഉം അതിഥി തൊഴിലാളികളാണ് മടങ്ങിയത്. ഉത്തര്‍പ്രദേശിലേക്ക് രണ്ട് ട്രെയിനുകളില്‍ 2293 ഉം മധ്യപ്രദേശിലേക്ക് ഒരു ട്രെയിനില്‍ 1143 ഉം, പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിനില്‍ 1131 ഉം അതിഥി തൊഴിലാളികളെയും മടക്കിയയച്ചു. ചില സംസ്ഥാനങ്ങള്‍ ഇതുവരെ അതിഥി തൊഴിലാളികളെ സ്വീകരിക്കാനുള്ള സമ്മതം നല്‍കിയിട്ടില്ല. സമ്മതം അറിയിക്കുന്ന മുറയ്ക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.