പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

post

തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. സംസ്ഥാനത്ത് 2020 ജനുവരി ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. പരിസ്ഥിതി വകുപ്പ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ക്ലിംഗ് ഫിലിം, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോ, ഡിഷുകള്‍, സ്റ്റിറര്‍, ക്യാരി ബാഗുകള്‍ (പ്ലാസ്റ്റിക് കോട്ടിങ് ഉള്ളവയും ഉള്‍പ്പടെ), തെര്‍മോക്കോള്‍, സ്‌റ്റൈറോഫോം ഉപയോഗിച്ച് ഉണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫഌഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, വാട്ടര്‍ പൗച്ചുകള്‍, ജ്യൂസ് പാക്കറ്റുകള്‍, PET/PETE  ബോട്ടിലുകള്‍ കുടിക്കാനുള്ളത് (300 മില്ലി കപ്പാസിറ്റിക്ക് താഴെ), ഗാര്‍ബേജ് ബാഗ്, പിവിസി ഫഌക്‌സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്‌സ് എന്നിവക്കാണ് നിരോധനം. വ്യക്തികളോ കമ്പനികളോ, സ്ഥാപനങ്ങളോ, വ്യവസായമോ മേല്‍പ്പറഞ്ഞ വസ്തുക്കള്‍ നിര്‍മിക്കുകയോ സൂക്ഷിക്കുകയോ കൊണ്ടുപോകുകയോ വില്‍പ്പന നടത്തുകയോ ചെയ്യുവാന്‍ പാടില്ല. 

നിയമ ലംഘനം നടത്തുകയാണെങ്കില്‍ 10,000 രൂപ പിഴ ഈടാക്കുന്നതാണ്. നിയമം ലംഘിച്ചതിന് ആദ്യതവണ പിഴ ഒടുക്കിയിട്ടും വീണ്ടും കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം 25,000 രൂപ ആയിരിക്കും പിഴ ഈടാക്കുക. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയും ഇതോടൊപ്പം സ്ഥാപനത്തിന്റെ / നിര്‍മ്മാണ പ്രവര്‍ത്തനാനുമതി റദ്ദാക്കും. 

നിരോധനത്തില്‍ നിന്നും ഒഴിവാക്കിയവ
പ്ലാസ്റ്റിക് വ്യവസായത്തില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ / ഉപകരണങ്ങള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിച്ച പ്ലാസ്റ്റിക്ക് വസ്തുക്കള്‍ (പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്റിലിങ് നിയമം 2016ല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് പോലെ, IS / ISO 17088:2008 ലേബല്‍ പതിപ്പിച്ചത്) എന്നിവയെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

എക്‌സറ്റന്റഡ് പ്രഡ്യൂസേഴ്‌സ് റസ്‌പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഇതര ഉല്‍പ്പന്നങ്ങളും തിരികെ നല്‍കുന്നവര്‍ക്ക് നിശ്ചിത തുക നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍, മില്‍മ, കേരഫെഡ്, വാട്ടര്‍ അതോരിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരായിരിക്കും.

കൂടുതല്‍ വിശദമായി അറിയാന്‍ kerala.gov.in  സന്ദര്‍ശിക്കുക (പരിസ്ഥിതി (ബി) വകുപ്പ് ഉത്തരവ് - സ.ഉ.(കൈ)നം. 6/2019/പരി.