കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അണുവിമുക്തമാക്കി

post

കാസര്‍ഗോഡ് : അവസാന രോഗിയും പടിയിറങ്ങിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജില്ല ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ഫലം നെഗറ്റീവായതോടെ വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ഇന്നലെ (മെയ് ആറ്)കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്റ് റെസ്‌ക്ക്യു ഓഫീസര്‍ കെ.ടി. ചന്ദ്രന്‍, ഹോംഗാര്‍ഡ്   ടി.ബാലകൃഷ്ണന്‍  എന്നിവരുടെ നേതൃത്വത്തില്‍ സോഡിയം ഹൈപ്പോ ക്ലോറേറ്റ് ഉപയോഗിച്ചാണ് ആശുപത്രി അണുവിമുക്തമാക്കിയത്. കീമോ തെറാപ്പിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചതോട കോവിഡ് കാലത്തും അനേകം രോഗികളാണ് ചികിത്സയ്ക്ക് എത്തിയിരുന്നത്. കോവിഡ് ചികിത്സ ആരംഭിച്ചത് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷന്റെ  നേത്വത്വത്തില്‍ അണുവിമുക്തമാക്കി വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍  കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിലെ  എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അണുവിമുക്തമാക്കി.  കാഞ്ഞങ്ങാട്, നീലേശ്വരം,  വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളും അണുവിമുക്തമാക്കി.