മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു

post

കാസര്‍ഗോഡ്: ജില്ലയില്‍ മെയ്മാസത്തെ റേഷന്‍ വിതരണം ഇന്നലെ (മെയ് അഞ്ച്) മുതല്‍ ആരംഭിച്ചുവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ. കാര്‍ഡുകാര്‍ക്ക് (മഞ്ഞ കാര്‍ഡ്) 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും സൗജന്യ നരിക്കില്‍ ലഭിക്കും. പി.എച്ച്.എച്ച്. കാര്‍ഡുകാര്‍ക്ക് (പിങ്ക്കാര്‍ഡ്) ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടുരൂപ നിരക്കില്‍  ലഭിക്കും. എന്‍.പി.എസ്. (നീല കാര്‍ഡ്) കാര്‍ഡുകാര്‍ക്ക് ആളൊന്ന് രണ്ട് കിലോവീതം നാല് രൂപ നിരക്കില്‍  അരി ലഭിക്കും. എന്‍.പി.എന്‍.എസ്. (വെളളകാര്‍ഡ്) കാര്‍ഡിന് രണ്ട്  കിലോ വീതം കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ അരി ലഭിക്കും. എന്‍.പി.എന്‍.എസ്. (നീലകാര്‍ഡ്) എന്‍.പി.എന്‍.എസ്. (വെളളകാര്‍ഡ്) വിഭാഗങ്ങള്‍ക്ക് അധിക വിഹിതമായി കാര്‍ഡിന് 10 കിലോഗ്രാം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കും.


പി.എം.ജി.കെ.എ.വൈ. സ്‌കീമിലുളള പയറുവര്‍ഗ്ഗത്തിന്റെ ഏപ്രില്‍ മാസത്തെ സൗജന്യ വിതരണം കാര്‍ഡിന് ഒരു കിലോഗ്രാം എന്ന രീതിയില്‍ മെയ് മാസത്തെ വിതരണത്തോടൊപ്പം  എ.എ.വൈ., ബി.പി.എല്‍. (പി.എച്ച്.എച്ച്.) കാര്‍ഡിന് ലഭിക്കും. ഏപ്രില്‍ മാസത്തില്‍ അതിജീവന കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് മെയ്മാസത്തെ വിതരണത്തോടൊപ്പം കിറ്റ് ലഭിക്കും.