ലൈഫ് മിഷന്‍: വീടുകള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്കായി കുടുംബ സംഗമങ്ങള്‍

post

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കേരളത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ അണിനിരത്തി സംസ്ഥാനത്ത് കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷം വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കാനാണ് മിഷന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. സര്‍ക്കാര്‍ കൈവരിച്ച ഈ നേട്ടത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയാണ് കുടുംബ സംഗമങ്ങള്‍  ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെ സംഘടിപ്പിക്കുന്നത്. ഇതിനെത്തുടര്‍ന്ന് 2020 ജനുവരി 26ന് സംസ്ഥാനതലത്തില്‍ രണ്ടു ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ നടക്കുന്ന കുടുംബസംഗമങ്ങള്‍ ബ്ലോക്ക് തലത്തിലും, മുനിസിപ്പാലിറ്റി തലത്തിലും, കോര്‍പ്പറേഷന്‍ തലത്തിലും സംഘടിപ്പിക്കും. ഇതോടൊപ്പം ലൈഫ് ഗുണഭോക്താക്കളെ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ ക്ഷേമ പദ്ധതികളിലും സേവനങ്ങളിലും ഉള്‍പ്പെടുത്തുന്നതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അദാലത്തും സംഘടിപ്പിക്കും. രാവിലെ ബ്ലോക്ക്തല സംഗമത്തിന്റെ ഉദ്ഘാടനവും തുടര്‍ന്ന് വൈകുന്നേരം വരെ അദാലത്തുമാണ് സംഘടിപ്പിക്കുന്നത്.

അദാലത്തില്‍ പങ്കെടുക്കുന്ന വകുപ്പുകളും സേവനങ്ങളും ഇവയാണ്

ആധാര്‍ തിരുത്തല്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് (അക്ഷയ), ബാങ്ക് അക്കൗണ്ട് (ലീഡ് ബാങ്ക് / റീജിയണല്‍ ബാങ്ക്), റേഷന്‍ കാര്‍ഡ് തിരുത്തല്‍ (സിവില്‍ സപ്ലൈസ്), പ്രാധനമന്ത്രി ഉജ്വല്‍ യോജന (ഗ്യാസ് ഏജന്‍സികള്‍), സ്വച്ച് ഭാരത് അഭിയാന്‍ (സാനിറ്റേഷന്‍ / ശുചിത്വ മിഷന്‍), DDUGKY തൊഴില്‍ പരിശീലനം (കുടുംബശ്രീ), തൊഴില്‍ കാര്‍ഡ് ( MGNREGS ), ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ (വ്യവസായ വകുപ്പ്), മത്സ്യ കൃഷി (ഫിഷറീസ്), മുള കൃഷി (ബാംബു കോര്‍പ്പറേഷന്‍), ഡയറി വകുപ്പ് പദ്ധതികള്‍ (ഡയറി ഡിപ്പാര്‍ട്ട്‌മെന്റ്), കൃഷി പദ്ധതികള്‍(കൃഷി വകുപ്പ്),  MKSP  പദ്ധതികള്‍ (ബ്ലോക്ക് പഞ്ചായത്ത്), പട്ടികവര്‍ഗ്ഗ വകുപ്പ് പദ്ധതികള്‍ (പട്ടിക വര്‍ഗ്ഗ വകുപ്പ്), പട്ടികജാതി വകുപ്പ് പദ്ധതികള്‍ (പട്ടികജാതി വകുപ്പ്), ആരോഗ്യ വകുപ്പ് പദ്ധതികള്‍(ആരോഗ്യ വകുപ്പ്), സാമൂഹ്യക്ഷേമ പദ്ധതികള്‍ (സാമൂഹ്യ നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്), റവന്യൂ രേഖകള്‍ (റവന്യൂ വകുപ്പ്), സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ (പഞ്ചായത്ത് വകുപ്പ് , നഗരകാര്യ വകുപ്പ്).

തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള കുടുംബസംഗമങ്ങളുടെ തുടര്‍ച്ചയായി ജില്ലാതല സംഗമങ്ങള്‍ സംഘടിപ്പിക്കും. ഈ സംഗമങ്ങളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലാതലത്തില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ  പ്രഖ്യാപനവും നടത്തും. സംഗമങ്ങള്‍ സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വിവിധ വകുപ്പു പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.