കോവിഡ് 19: രോഗം ഭേദമായി രണ്ടു പേര്‍ ആശുപത്രി വിട്ടു

post

ഇനി ചികിത്സയില്‍ നാലുപേര്‍ മാത്രം

കാസര്‍കോട്  ഇന്നലെ (മെയ് നാല്) ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 പോസിറ്റീവ് കേസുകളില്ല. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ്യിരുന്ന  വിദേശത്ത്  നിന്നും വന്ന  41 വയസുള്ള ഉദുമ  സ്വദേശിയും   കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍  കഴിഞ്ഞിരുന്ന ഏഴ് വയസുള്ള കാസര്‍കോട്  മുന്‍സിപ്പാലിറ്റി സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.  ഇതോടെ ജില്ലയില്‍ കോവിഡ് 19 പോസിറ്റീവായ നാല് പേര്‍ മാത്രമാണ്( ചെങ്കള-2, ചെമ്മനാട്-1,അജാനൂര്‍-1) അവശേഷിക്കുന്നത്. ജില്ലയില്‍ 1371 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍  1346 പേരും ആശുപത്രികളില്‍  25 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 340  സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി ഒരാളെകൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള  262 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacotnrolksd.in സന്ദര്‍ശിക്കാം.

അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യ സ്‌ക്രീനിങ് ക്യാമ്പുകള്‍ തലപ്പാടി ചെക്പോസ്റ്റിലും കാലിക്കടവിലുമായി പ്രവര്‍ത്തനം ആരംഭിച്ചു.അതിര്‍ത്തി പ്രദേശങ്ങളില്‍ നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും ശാരീരിക അകലം പാലിക്കുകയും വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നതിനു ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു .തുറന്നു പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ ഹാന്‍ഡ് വാഷിംഗ് , സാനിറ്റൈസര്‍ മറ്റു ശുചികരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കടയുടമകള്‍ ശ്രദ്ധിക്കണം.