സ്‌കൂട്ടര്‍ വര്‍ക്ഷോപ്പില്‍ കുടുങ്ങിയ തിരുവനന്തപുരം,പാലക്കാട് സ്വദേശികളെ മന്ത്രി ഇടപെട്ട് നാട്ടിലേക്ക് യാത്രയാക്കി

post

കാസര്‍കോട് :  കഴിഞ്ഞ 42 ദിവസമായി കാഞ്ഞങ്ങാട്ടെ സ്‌കൂട്ടര്‍ വര്‍ക്ഷോപ്പില്‍ കഴിഞ്ഞ തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ മൂന്നു പേരെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുന്‍കൈയ്യെടുത്ത് അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തിരുവനന്തപുരം പേരൂര്‍ക്കടയിലെ സജിസണ്ണി, തിരുവനന്തപുരം മീനാങ്കരയിലെ ആര്‍.എന്‍.നികേത്, പാലക്കാട് കുഴല്‍മന്ദത്തെ രാജീവ്ബാല്‍ എന്നിവരാണ് കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ ഒരു ടുവീലര്‍ വര്‍ക്ഷോപ്പില്‍ ഇത്രയും ദിവസം തങ്ങിയത്. സജിസണ്ണിയും നികേതും ഒരുകാറിലും രാജീവ്ബാല്‍ മറ്റൊരു കാറിലുമാണ് യാത്രയായത്. രാജീവ് ബാലിനെ സഹായിക്കാന്‍ കാഞ്ഞങ്ങാട് പുതുക്കൈയിലെ എം.ഗിരീഷ്‌കുമാര്‍  സ്വമേധയാ മുന്നോട്ടു വരികയായിരുന്നു. മറ്റുള്ള രണ്ടുപേര്‍ക്കും തിരുവനന്തപുരത്ത് നിന്നു കാര്‍ എത്തിക്കുകയാണ് ചെയ്തത്. ഗിരീഷ്‌കുമാറിന്റെ കാറില്‍ മൂന്നു പേരും കണ്ണൂര്‍ വരെയെത്തി. ഇതിനിടെ സജിസണ്ണിയേയും നികേതിനേയും കൂട്ടിക്കൊണ്ടുപ്പോകാന്‍ ഏര്‍പ്പാടാക്കിയ കാര്‍ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്തിയിരുന്നു. രണ്ടു കാറിനുമുള്ള യാത്രാ പാസ് മന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ ശരിയാക്കി ജില്ലാ ഭരണകൂടത്തിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.  

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗന്ദര്യവര്‍ധക പരിശീലന സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരാണ് സജിസണ്ണിയും രാജീവ്ബാലും നികേതും. മാര്‍ച്ച് 16ന് സജിയും 20 ന് നികേതും മംഗ്ലൂരുവിലെ ബ്രാഞ്ചിലെത്തി.  മംഗ്ലൂരുവിലെ സ്ഥാപനം തുറക്കാന്‍ പാടില്ലെന്ന് പോലിസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്  പിറ്റേന്ന് രാവിലെ ഇവര്‍ അവിടെ നിന്നിറങ്ങി. ഇവര്‍ക്കൊപ്പം ആ ബ്രാഞ്ചിലെ മാനേജരായ രാജീവ്ബാലും പുറപ്പെട്ടു. മംഗ്ലൂരു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും സ്വകാര്യ ബസുകളുടെ സ്റ്റാന്‍ഡിലുമെല്ലാം പോയി. എല്ലാം അടഞ്ഞു കിടക്കുന്നു. ഒടുവില്‍ ഒരു ഓട്ടോ റിക്ഷ കിട്ടി.അതില്‍് തലപ്പാടിയിലെത്തി. അവിടെ നിന്നും മറ്റൊരു ഒട്ടോറിക്ഷയില്‍  കാസര്‍കോട്ടേക്കു വന്നു. അതിനിടെ സ്ഥാനപത്തിന്റെ ഉടമ ശിവകുമാര്‍ കാഞ്ഞങ്ങാട്ടെ സുഹൃത്തിനെ വിളിച്ചു. ഈ സുഹൃത്താണ് സ്‌കൂട്ടര്‍ വര്‍ക്ഷോപ്പ് തുറന്നു കൊടുത്തത്. കാസര്‍കോട് നിന്നു പോലീസുകാര്‍ ഇവരെ കാഞ്ഞങ്ങാട്ടെത്തിക്കുകയായിരുന്നു. ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണെങ്കിലും വിവിധ ശാഖകളിലായതിനാല്‍ മൂവരും ഇതുവരെ പരസ്പരം കണ്ടിട്ടില്ല. കാഞ്ഞങ്ങാട്ടെ കമ്മ്യൂണിറ്റി അടുക്കളയില്‍ നിന്നു ഉച്ചക്ക് ചോറ് കൊണ്ടുക്കൊടുക്കും. രാത്രിയും രാവിലെയും റൊട്ടിയോ മറ്റോ കഴിച്ച് വിശപ്പടക്കുകയായിരുന്നു ഇവര്‍ ഇത്രയും ദിവസം. ഒരു മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നും ഇരുന്നും കഴിഞ്ഞ കുടുക്ക് ജീവിതത്തിനാണ് മന്ത്രിയുടെ ഇടപെടല്‍ മോചനം നേടിക്കൊടുത്തത്.