സമുദ്ര മത്സ്യത്തൊഴിലാളി ആശ്വാസധനം: ലഭിക്കാത്തവര്‍ രജിസ്റ്റര്‍ ചെയ്യണം

post

തിരുവനന്തപുരം : സമുദ്രമത്സ്യത്തൊഴിലാളികള്‍ക്കുളള ആശ്വാസ ധനസഹായം ലഭ്യമാകാത്തവര്‍ രേഖകളുമായി മത്സ്യഭവന്‍ ഓഫീസിലോ ജില്ലാ ഫിഷറീസ് ഓഫീസിലോ കുടുംബരജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. കേരളത്തില്‍ ഒന്‍പതു തീരപ്രദേശ ജില്ലകളില്‍ സമുദ്ര മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരു കുടുംബത്തിന് 2000 രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് വിതരണം ചെയ്തുവരികയാണ്. ഇതിനകം ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിച്ചു. 15000 ത്തോളം കുടുംബങ്ങളുടെ ധനസഹായം ട്രഷറിയില്‍ നിന്നും ബാങ്കുകളിലേയ്ക്ക് അനുവദിച്ചെങ്കിലും ബാങ്കുകളില്‍ നിന്നും ഈ ധനസഹായം ബന്ധപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടുകളിലേയ്ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ശേഖരിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളില്‍ വന്ന അവ്യക്തതയോ, ഇനിയും മത്സ്യത്തൊഴിലാളി കുടുംബരജിസ്ട്രിയില്‍ ( FIMS ) വിവരങ്ങള്‍ കൃത്യമായി നല്‍കാതിരുന്നതുമൂലമോ ആകാം ഇത്തരത്തില്‍ സംഭവിച്ചത്.  ഈ അസൗകര്യം ഒഴിവാക്കുന്നതിനും തുക ലഭ്യമാകാത്തവരായ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ ഇനിയും ലഭിക്കാത്തവര്‍ അവരവരുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ, ജില്ലാ ഫിഷറീസ് ഓഫീസിലോ ഹാജരാക്കി  FIMS  ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.