ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, പൊതുഗതാഗതവും കൂട്ടംകൂടുന്നതും അനുവദിക്കില്ല

post

* ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും 

തിരുവനന്തപുരം  : റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ ഈ വാര്‍ഡും അതിനോട് ചേര്‍ന്നുകിടക്കുന്ന വാര്‍ഡുകളും അടച്ചിടും.

ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.  കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. പൊതുഗതാഗതം അനുവദിക്കില്ല. കേരളത്തില്‍ ഒരു സോണിലും ബസ് ഗതാഗതം ഈ ഘട്ടത്തില്‍ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ).

ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ).

ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല. സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.

പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല. മദ്യഷോപ്പുകള്‍ ഈ ഘട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.

മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാം. വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല. (കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ വിവാഹ ചടങ്ങുകള്‍ക്ക് അമ്പതില്‍ കുറയാതെ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്).

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ സംബന്ധമായ ജോലികള്‍ നടത്തേണ്ടി വന്നാല്‍ മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല. (പെട്ടെന്ന് പറയുന്നതുകൊണ്ട് ഈ ഞായറാഴ്ച (മെയ് 3) അത് പൂര്‍ണതോതില്‍ നടപ്പില്‍വരുത്തണം എന്ന് നിര്‍ബന്ധിക്കില്ല. എന്നാല്‍, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണതോതില്‍ നിലവില്‍ വരും. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണം)

അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയില്‍ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കണം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം.

ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്റ് റസ്റ്റാറന്റുകള്‍ക്ക് പാഴ്‌സലുകള്‍ നല്‍കാന്‍ തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കു ബാധകമാണ്.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാമ്പ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.

ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും മാത്രമേ പാടുള്ളൂ. ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റ് വേണ്ടതില്ല.

അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോട്ട്‌സ്‌പോട്ടിലൊഴികെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.

അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്‌സോണുകളിലും വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാവൂ. ടൂവീലറില്‍ പിന്‍സീറ്റ് യാത്രയ്ക്ക് അനുവാദമില്ല.

കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകള്‍ തുടരും. കേന്ദ്രം അനുവദിച്ച ഇവിടെ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റ് ഇളവുകളും സംസ്ഥാനത്ത് ബാധകമായിരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി അനുവദിക്കും.

ഇത്തരം പൊതുവായ സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ഓരോ പ്രദേശത്തിന്റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിക്കണം. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊലീസ് മേധാവി എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഇത് പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് കലക്ട് ചെയ്ത പണം പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാന്‍ ആഴ്ചയില്‍ ഒരുദിവസം ഹോട്ട്‌സ്‌പോട്ടുകളിലൊഴികെ അനുവാദം നല്‍കും. സംസ്ഥാനത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാന്‍ അനുമതി നല്‍കും.

വ്യവസായിക/വാണിജ്യ വൈദ്യൂതി ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് അടയ്ക്കുന്നതിന് ആറു മാസത്തെ സാവകാശം നല്‍കാനും ലേറ്റ് പെയ്‌മെന്റ് സര്‍ചാര്‍ജ് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഈ ഇളവുകള്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് ശുപാര്‍ശ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.