മഴക്കാല പൂര്‍വ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണ, സുരക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ എഡിഎം വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കി. വെള്ളക്കെട്ട് ഒഴിവാക്കാനായി ഓടകള്‍ ശുചീകരിക്കണം. അപകടകരമായ മരങ്ങളോ ശിഖരങ്ങളോ ഉണ്ടെങ്കില്‍ മുറിച്ചു മാറ്റണം. ജീവനക്കാരുടെ അനാസ്ഥ മൂലം മരം വീണ് ജീവഹാനി സംഭവിച്ചാല്‍ നഷ്ടപരിഹാരം ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നും ഈടാക്കുന്നതാണ്. മരം മുറിക്കുന്നതിന് വരുന്ന ചെലവ് അതത് വകുപ്പുകള്‍ തന്നെ വഹിക്കണം.
കെ എസ് ഇ ബി വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കണം. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം പണികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കോവിഡ് 19 ജാഗ്രത ആപ്പിലൂടെ പാസ് അനുവദിക്കുന്നതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന പഴവങ്ങാടി, പട്ടം, കണ്ണമ്മൂല തോടുകള്‍ അടിയന്തരമായി ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കണം. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) അനു എസ്. നായര്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലികള്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ്, ഇറിഗേഷന്‍, കെ എസ് ഇ ബി, ശുചിത്വ മിഷന്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു