ഇഞ്ചി കര്‍ഷകരുടെ തിരിച്ചുവരവിനു സര്‍ക്കാര്‍ അനുമതി തേടും

post

വയനാട് : തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇഞ്ചി കര്‍ഷകരെ തിരികെ കൊണ്ടുവരുന്നതിനു സര്‍ക്കാരിന്റെ അനുമതി തേടുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലഭ്യമായാല്‍ അതാത് ജില്ലാ കളക്ടര്‍മാരുടെ അനുമതിയോടെയാകും പ്രവേശനം അനുവദിക്കുക. പാസിനുള്ള അപേക്ഷ വെബ്സൈറ്റ് മുഖേനയോ ഇമെയില്‍ വിലാസമോ വഴിയോ  സ്വീകരിക്കും. ജില്ലയിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റയിനില്‍ കഴിയേണ്ടതാണ്. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും.

      ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ച ശേഷം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ കോവിഡ് പ്രതിരോധ സാമഗ്രഹികള്‍ ഇല്ലാതെ ജോലി എടുപ്പിച്ചാല്‍ മേസ്തിരിമാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൊഴില്‍ ഇടങ്ങളില്‍ സാമുഹിക അകലം പാലിക്കേണ്ടതാണ്.

     ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആളുകള്‍ ഇടകലരുന്നത് രോഗ വ്യാപനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പ്രായം കൂടിയവരുടെയും കുട്ടികളുടെയും മറ്റ് രോഗങ്ങള്‍ ഉള്ളവരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.