കോവിഡ് 19 ഭാഗിക ലോക്ക്ഡൗണ്‍ മേയ് 15 വരെ തുടരാമെന്ന് കേരളം

post

തിരുവനന്തപുരം : കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് ഭാഗിക ലോക്ക്ഡൗണ്‍ മേയ് 15 വരെ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മേയ് 15ലെ സാഹചര്യം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാം. മേയ് 15ന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടവും പൊതുഗതാഗതവും നിയന്ത്രിച്ച്, ശാരീരിക അകലം പാലിച്ച്, ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച തന്നെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വിവരം ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ മേയ് 15 വരെ നിയന്ത്രിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പി. പി. ഇ കിറ്റിന്റെ ആവശ്യം വര്‍ധിക്കുകയാണെന്നും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സാധനങ്ങള്‍ സമാഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസികല്‍ ചെറിയ വരുമാനമുള്ളവര്‍, ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞവര്‍, പാര്‍ട്ട്ടൈം ജോലിയില്‍ നിന്നുള്ള വരുമാനം നിലച്ച വിദ്യാര്‍ത്ഥികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍ എന്നിവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പുനരധിവാസ പാക്കേജ്  കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം. ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കായി പോയവര്‍, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ നിവൃത്തിയില്ലാത്തവര്‍, ചികിത്സാ സഹായം ആവശ്യമുള്ളവര്‍ എന്നിവരെ തിരിച്ചു കൊണ്ടുവരുന്നതില്‍ പ്രഥമ പരിഗണന നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

നാല് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ നിലവില്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ ഘട്ടം ഘട്ടമായി തിരികെ നാട്ടിലെത്തിക്കുന്നതിന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യപ്രവര്‍ത്തകരുടെയും നഴ്സുമാരുടെയും കാര്യത്തില്‍ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഇവര്‍ക്ക് ശുചിത്വമുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ പ്രശ്നങ്ങള്‍  ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്വര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ താല്‍പര്യം.

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു അപ്ലിക്കേഷനില്‍ കേരളവുമായി ബന്ധപ്പെട്ട ഡാറ്റകളൊന്നും പങ്കിട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ലോക്ക്ഡൗണിന്റെ പാശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിന് അര്‍ഹമായ ഊന്നല്‍ നല്‍കണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിദഗ്ദ്ധരുടെ ആദ്യഘട്ടവിലയിരുത്തല്‍ പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേരളത്തിന്റെ മൊത്തം മൂല്യവര്‍ധനയിലുണ്ടായ നഷ്ടം ഏകദേശം  80,000 കോടി രൂപയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍, നഷ്ടം ഇനിയും വര്‍ദ്ധിക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍, കാഷ്വല്‍ തൊഴിലാളികളുടെ വേതന നഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകളില്‍ യഥാക്രമം 6,000 കോടി രൂപയുടെയും, 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായി. മത്സ്യബന്ധന മേഖലയും വിവരസാങ്കേതിക മേഖലയും ഗണ്യമായ തൊഴില്‍ നഷ്ടത്തിന് ഇരയായ ചില മേഖലകളാണ്.

ചെറുകിട വ്യാപാരികളെ ലോക്ക്ഡൗണ്‍ ഏറെ പ്രതികൂലമായി ബാധിച്ചു.  വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മഹാഭൂരിഭാഗവും സ്വയം തൊഴില്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കണം. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ നിലനില്‍പ്പിന് ദേശീയതലത്തില്‍ വരുമാന സഹായ പദ്ധതി നടപ്പാക്കണം. ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ച ചെറുകിട വ്യാപാരികള്‍ക്ക് രണ്ടു മുതല്‍ അഞ്ച് ലക്ഷം വരെ വായ്പ അനുവദിക്കണം. ഈ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണം. തൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ നിലനിര്‍ത്തുന്നതിന് ഇവയ്ക്കാവശ്യമായ സബ്സിഡി നല്‍കണമെന്ന അഭ്യര്‍ത്ഥനയും പ്രധാനമന്ത്രിയ്ക്കു മുന്നില്‍ വച്ചു. ലോക്ക്ഡൗണ്‍ നടപടികള്‍മൂലം ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ തോതിലുള്ള നഷ്ടം സംഭവിച്ചു. നിലവിലെ ലോണുകള്‍ക്ക് അമ്പതു ശതമാനത്തോളം പലിശ ഇളവ് നല്‍കണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ വേതനം നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ഇപിഎഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി പതിനയ്യായിരത്തില്‍ നിന്നും ഇരുപത്തിയയ്യായിരം ആയി ഉയര്‍ത്തണം. സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും വിതരണം ആവശ്യമായ രീതിയിലുണ്ടെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.