സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം നൽകുന്നത്. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾ) പുരസ്കാരവും പ്രഖ്യാപിച്ചു.
അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് - യുവാ- അവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവാ - അവളിടം ക്ലബ്ബുകൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹികപ്രവർത്തനത്തിനുള്ള പുരസ്കാരം മുഹമ്മദ് ഷബീർ ബിക്കാണ്. ദൃശ്യമാധ്യമ വിഭാഗത്തിലുള്ള പുരസ്കാരം അരുണിമ കൃഷ്ണൻ നേടി. പ്രിന്റ് മീഡിയ വിഭാഗത്തിൽ മാതൃഭൂമി ലേഖകൻ ആർ റോഷനും കലാ വിഭാഗത്തിൽ ഐശ്വര്യ കെ.എ യും പുരസ്കാരത്തിന് അർഹരായി.
കായിക വിഭാഗത്തിലെ പുരുഷന്മാർക്കുള്ള പുരസ്കാരം ഷിനു ചൊവ്വ നേടി. വനിത വിഭാഗത്തിൽ അനഘ വി.പിയും ദേവപ്രിയയും അവാർഡ് പങ്കിട്ടു. സാഹിത്യ വിഭാഗത്തിൽ കിംഗ് ജോൺസും കൃഷി വിഭാഗത്തിൽ ജെ ജ്ഞാനശരവണനും സംരംഭകത്വ വിഭാഗത്തിൽ അൻസിയ കെ.എയും അവാർഡിന് അർഹരായി.
സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബായി തിരുവനന്തപുരം ഉച്ചക്കടയിലെ ചങ്ങാതിക്കൂട്ടം സാംസ്കാരിക കലാവേദിയും യുവാ ക്ലബ്ബായി യുവാ ചങ്ങനാശ്ശേരിയും അവളിടം ക്ലബ്ബായി അവളിടം യുവതി ക്ലബ്ബ് മാന്നാറും മികച്ച യൂത്ത് ക്ലബ്ബുകളായി.
ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബുകളായി ചങ്ങാതിക്കൂട്ടം കലാ-കായിക-സാംസ്കാരിക വേദി, ഉച്ചക്കട, തിരുവനന്തപുരം, ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കൊല്ലം, പ്രതീക്ഷ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പത്തനംതിട്ട, കൈത്താങ്ങ് സേവാഗ്രാമം & പാലിയേറ്റീവ് കെയർ, ചെട്ടിക്കുളങ്ങര, മഹാത്മാഗാന്ധി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചങ്ങനാശേരി, യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ഇടുക്കി, പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാ വിനോദിനി ലൈബ്രറി,ആലുവ, നെഹ്റു സ്മാരക വായനശാല, തൃശൂർ, എയിംസ് കലാ-കായികവേദി & ഗ്രന്ഥശാല, പാലക്കാട്, സിൻസിയാർ കലാ-കായിക സാംസ്കാരിക വേദി, മലപ്പുറം, ഹെൽത്ത് കെയർ ഫൗണ്ടേഷൻ കാരുണ്യപീഠം ക്യാമ്പസ്, കോഴിക്കോട്, ടി.ആർ.വി സ്മാരക ഗ്രന്ഥശാല, കൽപ്പറ്റ, യുവപ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കണ്ണൂർ, റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്,കാസർഗോഡും അവാർഡിന് അർഹമായി.
ജില്ലകളിലെ മികച്ച യുവാ ക്ലബ്ബുകളായി യുവ ക്ലബ്ബ് കുളത്തൂർ, തിരുവനന്തപുരം, യുവ ക്ലബ്ബ് കവിയൂർ, പത്തനംതിട്ട, യുവ ക്ലബ്ബ് പള്ളിപ്പാട്, ആലപ്പുഴ, യുവ ചങ്ങനാശ്ശേരി, യുവ ക്ലബ്ബ്, പാലക്കാട്, യുവ ക്ലബ്ബ് മങ്കട, മലപ്പുറം, യുവ ബാലുശ്ശേരി, യുവ ക്ലബ്ബ് എമിലി, വയനാട്, യുവ ക്ലബ്ബ് കാട്ടുവാടി, കണ്ണൂരും അവാർഡിന് അർഹരായി.
ജില്ലയിലെ മികച്ച അവളിടം ക്ലബ്ബുകളായി അവളിടം യുവതി ക്ലബ്ബ് അഴൂർ, തിരുവനന്തപുരം, അവളിടം യുവതി ക്ലബ്ബ് സീതത്തോട്, പത്തനംതിട്ട, അവളിടം യുവതി ക്ലബ്ബ് മാന്നാർ, ആലപ്പുഴ, അവളിടം ക്ലബ്ബ് വാഴപ്പള്ളി, കോട്ടയം, അവളിടം യുവതി ക്ലബ്ബ് കള്ളിപ്പാറ-വണ്ണപ്പുറം, ഇടുക്കി, അവളിടം ക്ലബ്ബ് തൃക്കാക്കര, എറണാകുളം, അവളിടം യുവതി ക്ലബ്ബ് പാവറട്ടി, തൃശൂർ, അവളിടം ചിറ്റൂർ, പാലക്കാട്, അവളിടം യുവതി ക്ലബ്ബ് പറപ്പൂർ, മലപ്പുറം, അവളിടം യുവതി ക്ലബ്ബ് മുക്കം, കോഴിക്കോട്, അവളിടം യുവതി ക്ലബ്ബ് തൊണ്ടർനാട്, വയനാട്, അവളിടം യുവതി ക്ലബ്ബ് മയ്യിൽ,കണ്ണൂർ, അവളിടം യുവതി ക്ലബ്ബ് പിലിക്കോട്, കാസർഗോഡും അവാർഡിനർഹരായതായും മന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റ് പി.ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ വി ഡി എന്നിവർ പങ്കെടുത്തു.