റെഡ്സോണുകളിലെ ഹോട്ട്സ്പോട്ടുകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം : റെഡ്സോണുകളിലെ ഹോട്ട്സ്പോട്ടുകളില്‍ കാസര്‍കോട് നടപ്പാക്കിയതു പോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കും. പോലീസിനായിരിക്കും ഇതിന്റെ ചുമതല. മറ്റിടങ്ങളിലെ ഹോട്ട്സ്പോട്ട് മേഖലകള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ പരിശോധനയ്ക്ക് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടാവും.
അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയുന്നതില്‍ ജില്ലാ ഭരണകൂടം അലംഭാവവും വിട്ടുവീഴ്ചയും കാട്ടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വരാന്‍ ശ്രമിക്കുന്നത് ആരായാലും തടയണം. തമിഴ്നാട് സര്‍ക്കാര്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ 60 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ തമിഴ്നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് അനുമതിയില്ല. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് കടകള്‍ തുറക്കുന്നതിന് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഉത്തരവനുസരിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കും. ഇതുസംബന്ധിച്ച് സംസ്ഥാനം ഉടന്‍ ഉത്തരവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കടകള്‍ തുറക്കുന്നതിന് മുമ്പ് ഇവ ശുചീകരിക്കണം. കടകളുടെ പരിസരങ്ങള്‍ അണുമുക്തമാക്കുകയും വേണം.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ തിരിച്ചുവരവുണ്ടായാല്‍ കേരളം സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ചു. കേരളം സ്വീകരിച്ച നടപടികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്ന് കാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശിക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രവാസികളെ കൊണ്ടുവരുന്നതില്‍ ക്രിയാത്മകമായ ഇടപെടലുണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ നേരിടാന്‍ കേന്ദ്രത്തിന്റെ ഫലപ്രദമായ ഇടപെടല്‍ വേണം. കേരളത്തിന് സാമ്പത്തിക പാക്കേജ് വേണ്ടിവരും. ചില മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധി ആനുകൂല്യം ലഭിക്കാത്ത ബി. പി. എല്‍ കുടുംബങ്ങള്‍ക്ക് ആയിരം രൂപ അക്കൗണ്ടിലേക്ക് നല്‍കും.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ചിലയിടങ്ങളില്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേക്കുളത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി കുളിക്കാനെത്തുന്നു. ചിലയിടങ്ങളില്‍ കൂട്ടമായി മീന്‍ പിടിക്കുന്നതും ഗുരുതരമായ ലംഘനമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ പിരിച്ചുവിടലും ശമ്പള നിഷേധവും നടത്തരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ആദ്യത്തെ പതിനാലു ദിവസത്തിലാണ് രോഗവ്യാപനം ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനു ശേഷം രോഗാണു ശരീരത്തിലുണ്ടായാലും രോഗവ്യാപനം സംഭവിക്കില്ല. നിലവില്‍ വിദേശത്ത് നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനം ഒരുക്കം.
തിരുവനന്തപുരം ആര്‍. സി. സിയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് കോവിഡ് പരിശോധന നടത്തും. ആര്‍. സി. സിയില്‍ കാന്‍സര്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
കര്‍ഷകര്‍ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ക്ക് അതാത് സമയം വില നല്‍കാനാവണം. ലോക്ക്ഡൗണില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പുതിയ പദ്ധതി പോലീസ് നടപ്പാക്കും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. കാരുണ്യ ആരോഗ്യ രക്ഷാപദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ മരുന്ന് ലഭ്യമല്ലെങ്കില്‍ ആര്‍. സി. സിയില്‍ നിന്ന് എത്തിക്കും. ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പണമടച്ച് മരുന്ന് വാങ്ങാം. ആര്‍. സി. സിയില്‍ എത്താന്‍ കഴിയാത്തവര്‍ കുറിപ്പടി നല്‍കിയാല്‍ പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ് എന്നിവര്‍ മുഖേന എത്തിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്ന് എത്തിക്കുന്നതിനുള്ള ഏകോപന ചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കി.
ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സിദ്ധ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കും. കേരളത്തിലെ ഫയര്‍ ഫോഴ്സ് പ്രശംസനീയമായ സേവനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.