ഭിന്നശേഷിക്കാർ മുഖ്യവേഷത്തിലെത്തിയ 'രണ്ട് മീനുകൾ' ഹ്രസ്വചിത്രം റിലീസ് ചെയ്തു

ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ 'രണ്ട് മീനുകൾ' എന്ന ഹ്രസ്വചിത്രത്തിന്റെ റിലീസിങ് സാമൂഹികനിതീ വകുപ്പ മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്.
കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.എങ്ങനെയാണ് പരിമിതികൾക്ക് നടുവിൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ ഭിന്നശേഷിക്കാർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കൃത്യമായി സംവദിക്കാൻ കഴിയുന്ന വിധത്തിലാണ് സിനിമ നിർമ്മിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാർ 2019-20ൽ നടത്തിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റി പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാകാരനാണ് സജി വാഗമൺ. സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച 'റിഥം' കലാസംഘത്തിലെ അംഗം കൂടിയായ സജി വാഗമൺ ഗായകനെന്ന നിലയിലും മിമിക്രി കലാകാരനെന്ന നിലയിലും ചാനൽ പരിപാടികളിലടക്കം ശ്രദ്ധ നേടിയിട്ടുണ്ട്. രാജീവ് ചെറൂപ്പയും റിയാലിറ്റി ഷോയിലടക്കം സാന്നിധ്യമറിയിച്ച കലാകാരനാണ്.മികച്ച സിനിമ, സംവിധായകൻ, ക്യാമറ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഈ വർഷത്തെ ഭരതൻ സംസ്ഥാന പുരസ്‌കാരങ്ങൾ 'രണ്ട് മീനുകൾ' നേടിയിട്ടുണ്ട്.