സംസ്ഥാനത്തെ 35 കൊറോണ കെയര്‍ കേന്ദ്രങ്ങളിലും ഭക്ഷണമെത്തിക്കുന്നത് കുടുംബശ്രീയുടെ കാറ്ററിങ്ങ് യൂണിറ്റുകള്‍

post

ഇരുപതോളം കാറ്ററിങ്ങ് യൂണിറ്റുകള്‍ 

ഇതുവരെ ഭക്ഷണമെത്തിച്ചത് 27514 പേര്‍ക്ക്

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കെയര്‍ സെന്ററുകളില്‍ ക്വാറെന്റെയ്‌നില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീ കാറ്ററിങ്ങ് യൂണിറ്റുകള്‍ വഴി. സംസ്ഥാനത്ത് എട്ടു ജില്ലകളിലായി ആരംഭിച്ച 35 കൊറോണ കെയര്‍ സെന്ററുകളിലായി നിരീക്ഷണത്തില്‍ കഴിയുന്ന 27514 പേര്‍ക്കാണ് കാറ്ററിങ്ങ് യൂണിറ്റുകള്‍ മുഖേന മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം അതത് കുടുംബശ്രീ ജില്ലാമിഷന്റെ നേല്‍നോട്ടത്തിലാണ് കാറ്ററിങ്ങ് യൂണിറ്റുകളുടെ പ്രവര്‍ത്തനം. ജില്ലകളില്‍ കൊറോണ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ മുടങ്ങാതെ ഭക്ഷണ വിതരണം നടത്താന്‍ ഈ യൂണിറ്റുകള്‍ക്ക് സാധിക്കുന്നുണ്ട്.

കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സമൂഹ വ്യാപനം തടയുന്നതിനുമായുളള സര്‍ക്കാരിന്റെ പുതിയ സംവിധാനമാണ് എട്ടു ജില്ലകളിലായി ആരംഭിച്ചിട്ടുള്ള കൊറോണ കെയര്‍ കേന്ദ്രങ്ങള്‍. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇതുവരെ കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്.കാസര്‍കോട് അഞ്ചു കേന്ദ്രങ്ങളിലായി 7640 പേരും വയനാട്ടില്‍ പത്തു കേന്ദ്രങ്ങളിലായി 5336 പേരും മലപ്പുറത്ത് ആറു കേന്ദ്രങ്ങളിലായി 2433 പേരും, കോഴിക്കോട് രണ്ട് കേന്ദ്രങ്ങളിലായി 2334 പേരും തിരുവനന്തപുരത്ത് രണ്ടു കേന്ദ്രങ്ങളിലായി 2520 ഉം, പാലക്കാട് ഏഴ് കേന്ദ്രങ്ങളിലായി 1591 ഉം കണ്ണൂരില്‍ രണ്ട് കേന്ദ്രങ്ങളിലായി 240 പേരും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. തൃശൂരില്‍ ഒരു കേന്ദ്രം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 5416 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കെയര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കായി അതത് ജില്ലാ ഭരണകൂടം നല്‍കുന്ന മെനു അനുസരിച്ചുള്ള ഭക്ഷണം തയ്യാറാക്കുന്നത് ആ ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള കാറ്ററിങ്ങ് യൂണിറ്റുകളാണ്. ഇവര്‍ തയ്യാറാക്കുന്ന ഭക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സേനാംഗങ്ങള്‍ എന്നിവര്‍ മുഖേന കോറോണ കെയര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് എത്തിക്കും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അരിയും പലവ്യഞ്ജനങ്ങളും സപ്‌ളൈക്കോ വിപണികളില്‍ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്. കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകളില്‍ നിന്നും കൂടാതെ പ്രാദേശികമായി ലഭിക്കുന്നതുമായ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. 

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും സമയബന്ധിതമായി ഭക്ഷണം വിതരണം നടത്താന്‍ യൂണിറ്റുകള്‍ക്ക് സാധിക്കുന്നുണ്ട്.കാസര്‍കോട് ജില്ലയില്‍ കൊറോണ കെയര്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ കൂടാതെ കോവിഡ് ടെസ്റ്റിനു വേണ്ടി പുതുതായി തുടങ്ങിയ വൈറോളജി ലാബില്‍ പ്രവര്‍ക്കുന്ന മെഡിക്കല്‍ സംഘത്തിനും കാറ്ററിങ്ങ് യൂണിറ്റുകള്‍ വഴി ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ഭക്ഷണ വിതരണത്തിനൊപ്പം ആവശ്യപ്പെടുന്നവര്‍ക്ക് ശുചീകരണം ഉള്‍പ്പെടെയുള്ള സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കുന്നുണ്ട്.