3പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 15 പേര്‍ രോഗമുക്തി നേടി

post

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശികളായ മൂന്നു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.കോവിഡ് 19 ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു കുട്ടി. ജന്‍മനാ ഹൃദയവൈകല്യമുള്ള കുഞ്ഞിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

15 പേര്‍ രോഗമുക്തി നേടി. ഇതില്‍ അഞ്ച് പേര്‍ കാസര്‍കോട് സ്വദേശികളും മൂന്നു പേര്‍ വീതം പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലുള്ളവരും ഒരാള്‍ കൊല്ലം സ്വദേശിയുമാണ്. നിലവില്‍ 116 പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്, 56. കാസര്‍കോട് 18 പേര്‍ ചികിത്സയിലുണ്ട്. തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ ആരും ചികിത്സയിലില്ല. എന്നാല്‍ മേയ് മൂന്നു വരെ ഗ്രീന്‍  സോണ്‍ ക്രമീകരണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.