പി. ആര്‍. ഡിയെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി
 
                                                കാസര്‍ഗോഡ് : ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഏപ്രില്‍ 23 ന് ചീഫ് സെക്രട്ടറിയുടെ കോവിഡ് 19 ഉത്തരവ് പ്രകാരമാണ് ഐ ആന്റ് പി ആര്‍ ഡിയെ അവശ്യസേവന വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ തുടക്കം മുതല്‍ വാര്‍ത്താവിതരണവുമായി ബന്ധപ്പെട്ട് പി. ആര്‍. ഡി ഡയറക്ട്രേറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തനം നടന്നുവരികയാണ്. ജില്ലകളില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ മാധ്യമ ഏകോപനം നടക്കുന്നു. സംസ്ഥാനതലത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാധ്യമ ഏകോപനം സെക്രട്ടേറിയറ്റ് സൗത്ത് ബോളോക്കിലെ പി.ആര്‍.ഡി മുഖേന നടക്കുന്നു. ബ്േളാക്ക് തലത്തില്‍ പി. ആര്‍. ഡിയുടെ പ്രിസം പദ്ധതിയിലെ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍മാര്‍ എന്നിവരെ ഏകോപിപ്പിച്ചായിരുന്നു കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പ്രവര്‍ത്തനം. കോവിഡ് 19 വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങള്‍ക്ക് എത്തിക്കുന്നതിനു പുറമെ പൊതുജനങ്ങള്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ നല്‍കുന്നതിന് പി. ആര്‍. ഡിയുടെ ജി ഒ കെ ഡയറക്ട് മൊബൈല്‍ ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് ലക്ഷത്തിനടുത്ത് ആളുകള്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ നേരിടുന്നതിന് ആന്റി ഫേക്ക് ന്യൂസ് വിഭാഗവും പ്രവര്‍ത്തിക്കുന്നു.
പുതിയ ഉത്തരവ് പ്രകാരം റവന്യു, പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസ്, ജയില്‍, ലീഗല്‍ മെട്രോളജി, മുനിസിപ്പല്‍, പഞ്ചായത്ത്, ലൈസന്‍സ് സേവനങ്ങളാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പ്രതിരോധ സേനകള്‍, കേന്ദ്ര സായുധ പോലീസ്, ആരോഗ്യം, ദുരന്തനിവാരണം, ഐ. എം. ഡി, ഐ. എന്‍. സി. ഒ. ഐ. എസ്, എസ്. എ. എസ്. ഇ, സി. ഡബ്‌ള്യു. സി, നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജി തുടങ്ങിയ ഏജന്‍സികള്‍, എന്‍. ഐ. സി, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എന്‍. സി. സി, നെഹ്രു യുവ കേന്ദ്ര എന്നിവയെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.










