കോവിഡ് 19: മലപ്പുറം ജില്ലയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പാസ് വിതരണം ആരംഭിച്ചു

post

വെബ് സൈറ്റില്‍ എസന്‍ഷ്യല്‍ ഗുഡ്‌സ് സര്‍വീസ് എന്ന വിഭാഗത്തില്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള പാസിന് മാത്രമെ അപേക്ഷിക്കാവൂ: ജില്ലാ കലക്ടര്‍

മലപ്പുറം : ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലേയ്ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പാസുകള്‍ നല്‍കി തുടങ്ങി. ആദ്യ ദിവസം 82 വാഹനങ്ങള്‍ക്കാണ് പാസുകള്‍ അനുവദിച്ചത്. ഇതില്‍ സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കെത്തിക്കുന്നതിന് 34 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍ നിന്നും ചരക്കെടുക്കുന്ന 48 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്.

ചരക്ക് എത്തിക്കുന്നതിനല്ലാതെ വാഹന പാസിന് സമര്‍പ്പിച്ച 80 അപേക്ഷകള്‍ നിരസിച്ചു.  covid19jagratha.kerala.nic.in  എന്ന വെബ് സൈറ്റില്‍ എസന്‍ഷ്യല്‍ ഗുഡ്‌സ് സര്‍വീസ് (essential goods service) എന്ന വിഭാഗത്തിലെ വെഹിക്കിള്‍ പെര്‍മിറ്റ് (vehicle permit)ല്‍ ആണ് ചരക്കു വാഹനങ്ങള്‍ പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതില്‍ മറ്റ് യാത്രാ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് പാസുകള്‍ നല്‍കിയിരുന്നത് പൂര്‍ണ്ണമായും നിര്‍ത്തിയിട്ടുണ്ട്.

പാസ് അനുവദിക്കുന്നതിലെ നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും അപേക്ഷയില്‍ പേര് നല്‍കിയിട്ടുള്ള ഡ്രൈവറും സഹായിയുമല്ലാതെ മറ്റാരെയും വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡ്രൈവറും സഹായിയും മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികള്‍ക്ക് വിധേയരാവേണ്ടിവരും.