ജില്ലയില്‍ യാത്രയ്ക്ക് സത്യവാങ്മൂലമോ പാസോ നിര്‍ബന്ധം

post

 ഹോട് സ്പോട്ടുകളില്‍ പ്രവേശന നിയന്ത്രണം

കോട്ടയം : രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് സത്യവാങ്മൂലമോ പോലീസ് നല്‍കുന്ന പാസോ കൈവശമുണ്ടായിരിക്കണം. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള പിഴ ഈടാക്കിയശേഷമേ വാഹനങ്ങള്‍ വിട്ടുനല്‍കൂ.പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയുടെ 20, 29, 36, 37 വാര്‍ഡുകളും ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രവേശന നിയന്ത്രണമുണ്ട്. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി.മറ്റു സ്ഥലങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം.